Thursday, December 1, 2022

ഫുട്ബോളോളം

ഫുട്ബോളോളം
⚽️⚽⚽⚽⚽⚽

കഴിഞ്ഞ ഒരാഴ്ചയിലേറെയായി നേതാജി വായനശാല പരിസരത്ത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഓളമാണ്...
Worldcup Footbal ന്റെ ഓളം അവർ നെഞ്ചേറ്റിക്കഴിഞ്ഞു.
രാത്രികൾ പകലുകളാക്കി ഫാൻസ്‌ ടീമിന്റെ വമ്പൻ ഫ്ലക്സുകളും ഇഷ്ട്ട താരത്തിന്റെ കൂറ്റൻ കട്ട് ഔട്ടുകളും ഒരുക്കി, നമ്മുടെ കൊച്ചു ഗ്രാമത്തിൽ ഖത്തറിലെ പന്താരവത്തിന്റെ അലകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കണ്ട് ആസ്വദിക്കുവാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഫുട്ബാൾ പ്രേമികൾ എത്തുന്നുണ്ട്...



നീളൻ കവുങ്ങുകൾ വെട്ടിയൊരുക്കി, റോഡരികിൽ കുഴിയെടുത്ത് ഉറപ്പിക്കുന്നതും, മഞ്ഞുറഞ്ഞ പാതിരാത്രികളിൽ ഫ്ളക്സ്സുകളുടെ ഫ്രെയിം അടിക്കുന്നതും, നിലകെട്ടി അവ ഉയരങ്ങളിൽ സ്ഥാപിക്കുന്നതും എല്ലാം നമ്മുടെ കുട്ടികൾ തന്നെ...




ഒരു ടീമിന്റെ പ്രയത്നത്തിൽ മറ്റു ടീമുകളുടെ ഫാൻസും സഹായിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അവർ നമുക്ക് പകർന്നു തരുന്നത്, ഒരുമയുടെ കാഴ്ചയാണ്.
ലോകത്തിന്റെ ഭൂപടത്തിൽ എവിടെയോ വരച്ചുവച്ചത് മാത്രം കണ്ടിട്ടുള്ള രാജ്യത്തിന്റെ കാൽപന്തുകളിയഴകിന്, ഇങ്ങകലെ ഈ കുഞ്ഞു കോനിക്കരയുടെ യുവതയെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് ഈ ലോകകായിക മേളയുടെ പ്രസക്തി. മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായി സൗഹൃദം കൊണ്ടുവരാൻ ഒരു ഫുട്ബോളിന് കഴിയുന്നു.





അർജന്റീന, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ... എന്നീ ഫാൻസുകാരാണ് ഇതുവരെ വായനശാല കവലയിൽ കാഴ്ചയുടെ വിരുന്നൊരുക്കിയിട്ടുള്ളത്. ഈ ടീമുകളും മറ്റു ടീമുകളും അടുത്ത റൗണ്ടുകളിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം, പക്ഷേ ജയിക്കുന്നത് നമ്മുടെ നാട്ടിലെ കുട്ടികളുടെ ഒത്തൊരുമയാണ്, അവരുടെ പ്രയത്നമാണ്, കളിയോടുള്ള ആവേശമാണ്. അതാണതിന്റെ ബ്യൂട്ടി...



ഈ കാഴ്ചകൾ ഒരുക്കിയവരെ നിസ്സാരമായി കാണാതെ, നമുക്കിവരെ ചേർത്തു പിടിക്കാം. നാളെ നാടിനൊരാവശ്യം വരുമ്പോൾ, ഇതുപോലെ ഇവരുമുണ്ടാകും വായനശാലയോടൊപ്പം, ക്ലബ്ബിനൊപ്പം, നമ്മുടെയൊപ്പം...

No comments:

Post a Comment