Friday, April 30, 2021

അക്ഷരസേന : നേതാജി വായനശാലയുടെ കോവിഡ് സന്നദ്ധ പ്രവർത്തനം

C19 രണ്ടാം തരംഗത്തിൽ 
അതിതീവ്രമായ കോവിഡ് വ്യാപനത്തിന്റെ 
പശ്ചാത്തലത്തിൽ നേതാജി വായനശാലയിൽ 
ഒരു കോവിഡ് സന്നദ്ധ സേന രൂപീകൃതമായ വിവരം 
ഏവരെയും അറിയിച്ചു കൊള്ളുന്നു.
അക്ഷരസേന എന്ന പേരിൽ പ്രവർത്തന സജ്ജമായ 
ഈ വളണ്ടിയേഴ്‌സ് ആവശ്യ ഘട്ടങ്ങളിൽ ഗ്രാമവാസികൾക്ക് സഹായങ്ങൾ എത്തിച്ചു നൽകുവാൻ സന്നദ്ധരാണ്. 

ലക്ഷ്യമാക്കുന്ന പദ്ധതികൾ :-
  • കോവിഡ് ബോധവത്കരണ പരിപാടികൾ , Online അറിയിപ്പുകൾ
  • വാക്‌സിനേഷൻ HELP DESK
  • Quarantine ൽ ഉള്ളവർക്ക്  ആവശ്യമെങ്കിൽ മരുന്നുകൾ/ഭക്ഷണം  
  • അടച്ചിരുപ്പു കാലം സർഗ്ഗാത്മകമാക്കാൻ  ഓൺലൈൻ പരിപാടികൾ 
  • അവശ്യ സർവീസുകളുടെ നമ്പറുകൾ 
      (പലചരക്ക് കടകൾ, വാഹന സൗകര്യം, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ...)
  • MEDICINE DOOR DELIVERY
  • ആവശ്യക്കാർക്ക് പുസ്തകങ്ങൾ വീട്ടിലെത്തിക്കും.
  • എല്ലാവർക്കും മാനസിക പിന്തുണ, നമ്മൾ എല്ലാം ഒരു നാടിന്റെ കൂടെയുണ്ട്.
  • അനുമതി ലഭിച്ചാൽ വായനശാല ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ.
വാക്‌സിനേഷൻ ഹെല്പ് ഡെസ്ക്:

വാക്സിനേഷന് രജിസ്റ്റർ ചെയ്യുവാനും സ്കെഡ്യൂൾ ചെയ്യുവാനും ഓൺലൈൻ സഹായം ആവശ്യമുള്ളവർക്കു വായനശാലയുടെ സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടാം. COWIN.IN വെബ് സൈറ്റിൽ അപ്പോയ്ന്റ്മെന്റ് ലഭ്യമാണെങ്കിൽ നിങ്ങൾക്കത് ചെയ്തു തരുന്നതാണ്. 

അനുമതി ലഭിച്ചാൽ വായനശാല ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റുവാനും നമുക്ക് സാധിക്കും.

=======================================

MEDICINE DOOR DELIVERY:

നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ അച്ഛനമ്മമാർ, അത്യാവശ്യം വന്നാൽ പുറത്തു പോയി മരുന്ന് വാങ്ങാൻ ആളില്ലാത്തവർ അങ്ങനെയുള്ളവർ നമ്മുടെ നാട്ടിലുണ്ട്. അവർക്കിനി ഈ നമ്പറിൽ വിളിച്ചാൽ മതിയാകും, മരുന്ന് നിങ്ങളുടെ വീട്ടു പടിക്കലെത്തും.
Stay Home, Stay Safe...

Contact Number & WhatsApp : 9497804976 ബാബു (Medical Representative)
ഈ നമ്പർ കിട്ടിയില്ലെങ്കിൽ പ്രദീപിനെ(Pradeep P. N) വിളിക്കാം 8939978566
=======================================
പുസ്തകങ്ങൾ നിങ്ങളുടെ വീട്ടുപടിക്കൽ:

അടച്ചിരുപ്പിന്റെ വിരസത ഒഴിവാക്കാൻ, ആവശ്യക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ലൈബ്രെറിയൻ പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലെത്തിച്ചു നൽകുന്നതാണ്.
ലൈബ്രെറിയനെ ഈ നമ്പറിൽ വിളിക്കുക: 9526540103 (LINI)
======================================

അടച്ചിരുപ്പു കാലം സർഗ്ഗാത്മകമാക്കാൻ : 

അടച്ചിരുപ്പു കാലം സർഗ്ഗാത്മകമാക്കാൻ വായനശാലയുടെ ഓൺലൈൻ മാധ്യമങ്ങളിലൂടെ കലാ പരിപാടികൾ, രചനാ മത്സരങ്ങൾ എന്നിവ നടത്തുന്നതാണ്.

നിങ്ങൾ വീട്ടിലിരുന്നു ചെയ്യുന്ന സർഗാത്മക സൃഷ്ടികൾ വായനശാലയ്ക്കു അയച്ചു തരൂ. 

WhatsApp : 9847956600 (Sujith)

======================================

എല്ലാവർക്കും മാനസിക പിന്തുണ

ഒറ്റപ്പെട്ടു കഴിയുന്നവർക്കും നിരീക്ഷണത്തിൽ 
കഴിയുന്നവർക്കും സാമൂഹിക പിന്തുണ ഉറപ്പു വരുത്തുക. 
ആവശ്യമെങ്കിൽ സാധനങ്ങൾ എത്തിച്ചു നൽകുക;
മാനസിക പിന്തുണ ഉറപ്പാക്കുക, നമ്മൾ എല്ലാം ഒരു നാടിന്റെ കൂടെയുണ്ട്.

നിങ്ങൾക്ക്  ഒരു സൈക്കോളജിസ്റ്റുമായി സംസാരിക്കണോ. 
ഈ നമ്പറിൽ 9847956600 അറിയിക്കുക,  
സൈക്കോളജിസ്റ്റിനെ കണക്ട് ചെയ്തു തരും.

======================================

അവശ്യ സർവീസുകളുടെ വിവരങ്ങൾ:

ഇവിടെ കൊടുക്കാൻ ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, വായനശാലയെ അറിയിക്കുക. എല്ലാ സേവനങ്ങളും ഇവിടെ ADD ചെയ്യാം.

GROCERY
NAMEPHONE
1K.A STORES (ANTO)4872356303
2AISWARYA STORE (SURESH)8281589299
3JOSE STORE9809203243
4JAISON STORE9388283272
5KAIRALI MART8714444220


AUTO
NAMEPHONETYPE
1AJO9447614656
2BYJU9947162019
3LALU9645413818AUTO TAXI
4PRADEEP9895551597AUTO TAXI
5RAPPAI8943426348
6MANI9947691815
7SUMOD9562576121
8JOBY9605885725
9SHAJI8606865242
10PRABEESH9961814251
11KANNAN9656363858
12RAJAN9495275809
13VISHNU8606343721
14VIJAYAN9387929147AUTO TAXI


കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ

In Progress... TO BE UPDATED
ഒട്ടു മിക്ക സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഫോൺ നമ്പറുകൾ ശേഖരിച്ച ശേഷം ഇവിടെ ഇടുന്നതാണ്.



കോവിഡിന്റെ കാലത്ത്, 
ഒരാവശ്യം വന്നാൽ നിങ്ങൾക്ക്
താഴെ കാണുന്ന അക്ഷരസേന അംഗങ്ങളെ വിളിക്കാവുന്നതാണ്.
KERALA STATE LIBRARY COUNCIL ന്റെ 
അംഗീകാരത്തോടു കൂടി, രജിസ്റ്റർ ചെയ്ത 
വളണ്ടിയർമാരാണിവർ.

Volunteers
NAMECONTACT NUMBER
1VIJILA SURESH9539484832
2JIJU K. A9744994509
3SUJITH E.S9847956600
4PRADEEP P. N8939978566
5PRADEEP K. P9895551597
6ARUN. A. S9567425380
7MIDHUN V. R9895626138
8LINI JOMON9526540103
9LINET JIJU9744158761
10ARJUN SURESH7025636602


നേതാജി വായനശാലയുടെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ഞങ്ങൾ നൽകുവാൻ തയ്യാറായിരിക്കും.

നിങ്ങളോ നിങ്ങളുടെ വീട്ടിലെ ആരെങ്കിലുമോ കോവിഡ് +ve ആയിട്ടുണ്ടെങ്കിൽ ഉടനെ വാർഡ് മെമ്പറെയോ ആശാ വർക്കറെയോ അറിയിക്കേണ്ടതാണ്. കോവിഡ് രോഗികൾക്ക് മരുന്ന് ഭക്ഷണം എന്നിവ ആശാ വർക്കറുടെ അനുമതിയോടെ മാത്രമേ നമ്മൾ നൽകുകയുള്ളൂ. 
കേന്ദ്ര/സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കൂ.

WARD MEMBER : 8281303980 (Hanitha)
ASHA WORKER : 9539484832  (Vijila)
മേൽ പ്രവർത്തനങ്ങളെല്ലാം നേതാജി വായനശാല പ്രവർത്തകർ സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണ്. എല്ലാവരും വേറെ ജോലികൾ ചെയ്യുന്ന സമയത്തിൽ നിന്നുമാണ് ഇതിനു സമയം കണ്ടെത്തുന്നത്, ആയതിനാൽ വളണ്ടിയർമാരിൽ നിന്നും response കിട്ടുവാൻ താമസിച്ചാൽ അത് നിങ്ങൾ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ പ്രവർത്തന പരിപാടികൾക്ക് മറ്റു സഹായങ്ങളോ ഗ്രാന്റോ ഒന്നും ലഭിക്കുന്നുമില്ല.
നിങ്ങൾക്കും ഒരു വളണ്ടിയർ ആയി വായനശാലയോടൊപ്പം ചേരാൻ ആഗ്രഹമുണ്ടോ? 
കൂടുതൽ വിവരങ്ങൾക്ക് വായനശാലയുമായ് ബന്ധപ്പെടുക.
-
സെക്രട്ടറി (സുജിത്ത്)
Phone: 9847956600

Thursday, April 22, 2021

ഞാൻ കണ്ട പൂരം

 


പൂരപ്രേമികളുടെ നാടാണ് നമ്മുടേത്. പക്ഷേ ഇക്കുറി നമുക്ക് തൃശ്ശൂർ പൂരത്തിന് പോകാനാവില്ല. പക്ഷേ നേതാജി വായനശാല നിങ്ങളുടെ പൂരാനുഭവങ്ങളെ പുനരവതരിപ്പിക്കാൻ ഒരവസരം ഒരുക്കുകയാണ്...


ഞാൻ കണ്ട പൂരം...
കുട്ടികൾക്കും മുതിർന്നവർക്കും പൂരത്തിന്റെ ഓർമ്മകൾ എഴുതി ഇതിൽ പങ്കെടുക്കാം.

ഗതകാല പൂരോർമ്മകളുടെ ജഗവീരന്മാർ നിങ്ങളുടെ മനസ്സിന്റെ തെക്കേ ഗോപുരനട തുറന്നു വരട്ടെ, അക്ഷരങ്ങളുടെ ഒരു കുടമാറ്റം നടത്തി മേളപ്പെരുക്കത്തിൽ അവ കൊട്ടിക്കയറട്ടെ, വാക്കുകളുടെ ആ കൂട്ടപൊരിച്ചിൽ കേൾക്കാൻ വായനശാല കാതോർത്തിരിക്കുന്നു...

Last Date: 2021 April 24 : ഈ ശനിയാഴ്ച ഉപചാരം ചൊല്ലി പിരിയുന്നതിനു മുൻപായി, നിങ്ങളുടെ രചനകൾ അയച്ചു തരുമല്ലോ.

നിങ്ങൾ കണ്ട പൂരവിശേഷങ്ങൾ, പൂരാനുഭവങ്ങൾ, പൂരകാഴ്ചകൾ, 
പൂര കഥകൾ, പൂര ചിന്തകൾ അങ്ങനെ എന്തും എഴുതി 
വായനശാലയ്ക്ക് അയച്ചു തരാം...
മികച്ച കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.
വായനശാലയുടെ ഓൺലൈൻ മാധ്യമങ്ങളിലും, 
ബ്ലോഗിലും അവ പ്രസിദ്ധീകരിക്കുന്നതാണ്.

ഇക്കുറി തൃശൂർ പൂരം
നമുക്ക് വീട്ടിലിരുന്നു മാത്രം ആഘോഷിക്കാം...
 
WhatsApp : 9847956600   
EMAIL: netaji.vayanasala@gmail.com

-
സെക്രട്ടറി

======================================
ഒരു കുഞ്ഞു വായനശാലയുടെ ഈ പരിപാടിയിൽ സഹകരിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും ഒത്തിരി സ്നേഹം.

പല ഭാഗത്തു നിന്നും ആളുകൾ പൂരസ്മരണകൾ എഴുതി അറിയിച്ചു.
അതിൽ കോനിക്കരക്കാരുണ്ട്, പാലക്കാടുകാർ ഉണ്ട്, കൊല്ലത്തു നിന്നും , കൊടുങ്ങല്ലൂര് നിന്നും, സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന പ്രവാസികൾ, ലണ്ടനിൽ നിന്നും, വടൂക്കരക്കാരൻ, അങ്ങനെയങ്ങനെ....
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി...

ഇതുവരെ കിട്ടിയതിൽ നിന്നും തിരഞ്ഞെടുത്ത പൂരവിശേഷങ്ങൾ ഇതാ താഴെ ചേർക്കുന്നു, അക്ഷരങ്ങളിലൂടെ ഒരു പൂരം കാണൂ......

======================================
Divakar Pai, 
Kodungallur

പ്രിയപ്പെട്ട നേതാജി വായനശാലക്ക്,

സാങ്കേതികയുഗത്തിൻ്റെ കുത്തൊഴുക്കിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന 
വായനാശീലത്തെ വേരറ്റു പോകാതെ മുറുകെ പിടിച്ചു മുന്നോട്ട് നയിക്കുന്ന 
നേതാജി വായനശാലയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

"ഞാൻ കണ്ട പൂരം" ഉദ്യമം സന്ദർഭോചിതവും ഹൃദ്യവുമായി തോന്നി. 
പണ്ട് കുറിച്ചിട്ട കുറിപ്പ് ഞാനും അയയ്ക്കുന്നു. 
ഇനിയും ഇതു പോലെയുള്ള ഉദ്യമങ്ങൾ ഉണ്ടാവട്ടെ, വിജയിക്കട്ടെ.

നൂൽകെട്ടിലാത്ത പട്ടത്തെ പോലെ ഉത്സവപ്പറമ്പുകളിലൂടെ 
അലസമായി അലഞ്ഞു നടന്നിരുന്ന രാവും പകലും ഇനി എന്ന് തിരിച്ചു വരുമെന്നറിയില്ല. 
അങ്ങനെ പറന്നു നടന്നിരുന്ന കാലത്ത് കണ്ടു മനസ്സിൽ പതിഞ്ഞ 
ഒത്തിരി ജീവിതങ്ങളിൽ ഒന്ന് ഇവിടെ അനുഭവകുറിപ്പായി അവതരിപ്പിക്കുന്നു.



ആശംസകളോടെ,
സ്നേഹപൂർവ്വം,
ദിവാകർ പൈ - കൊടുങ്ങല്ലൂർ

======================================
Hello...
I am Seeja Viswanath from Thrissur , now residing in London...
Can I submit my memories about thrissur pooram here...

ഭൂമിയിൽ നിന്നും പോയാലും മനസ്സിൽ ഇന്നും ജീവിക്കുന്ന എന്റെ പ്രിയപ്പെട്ട അച്ഛച്ഛക്ക്, 
തൃശൂർ പൂരപറമ്പിൽ മാത്രം കണ്ടിരുന്ന സായിപ്പുമാരുടെ നാട്ടിൽ നിന്നും എഴുതുന്ന കത്തു....

അച്ഛച്ഛ.....
ഈ വർഷവും നമ്മുടെ പൂരം ആഘോഷങ്ങൾ ഇല്ലാത്ത പൂരാട്ടാ... 
2019 ഇൽ പൂരം കാണാനായി നാട്ടിൽ വന്നിരുന്നുട്ടോ. പൂരം കഴിഞ്ഞു 
ഇരിഞ്ഞാലക്കുട ഉത്സവും കഴിഞ്ഞാണ് തിരിച്ചു പോയത്. 
നമ്മൾ പൂരത്തിന് പോയിരുന്നത് പോലെതന്നെ ഞങ്ങളും കുട്ടിപട്ടാളത്തെയും കൊണ്ടു 
റൗണ്ട് മുഴുവനും കറങ്ങി. കേശു ജനിച്ചിട്ടു ആദ്യമായിട്ടാണ് നാട്ടിൽ വന്നതും ആനയെ കണ്ടതും....

അച്ഛച്ഛാ... അന്ന് കണ്ടിരുന്ന കുടമാറ്റം പോലെയല്ല ഇപ്പൊ, 
കാലം മാറിയപ്പോൾ കുടയുടെ രൂപത്തിലും നിറങ്ങളിലും പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്.  
ഞങ്ങൾ sample കാണാൻ പോയി, പന്നെ ചറപറ വെടിക്കെട്ടും. അടിപൊളി ആയിരുന്നു. 
ഞങ്ങളെ ഒന്നും വെടിക്കെട്ടു കാണാൻ കൊണ്ടുപോകാറില്ലല്ലോ ....
കുന്നംകുളംതല്ലേ നമ്മൾ പോവുന്നത് (അടുത്തുള്ള ഒരു കുളം, നിറയെ പാറകൾ ഉള്ള സ്ഥലം). 
അവിടെ നിന്നാൽ തൃശൂർ ടൌൺ വരെ കാണാറുണ്ടല്ലോ ഇപ്പൊ ഒന്നും കാണാൻ പറ്റില്ല. 
കഴിഞ്ഞ വർഷം പോയപ്പോൾ ഞാൻ നോക്കി. പാടം നിരത്തി കെട്ടിടങ്ങൾ വന്നു.

 കാക്ക പോലും കൊള്ളാത്ത വെയിലത്തു കൊലയിസും ചപ്പികൊണ്ടു നടക്കാൻ എന്തു രസമായിരിന്നു.
ഞങ്ങൾ പോയപ്പോലും ഓർമ്മ പുതുക്കാൻ icecream ഒക്കെ വാങ്ങി കഴിച്ചു നടന്നുട്ടാ....

പിന്നെ അച്ഛച്ഛാ നമ്മുടെ നെയിത്തലക്കവിലമ്മ ആനപ്പുറത്തു പോകുമ്പോൾ പറ മുടക്കറില്ലാട്ടാ... 
അതൊക്കെ ഇപ്പോളും ചെയ്യാറുണ്ട്...
'രാമച്ചവിശറി ' ഇപ്പൊ അങ്ങനെ പൂരപറമ്പിൽ കാണാറില്ലട്ടാ. വെള്ളം തളിച്ചു അതു വീശാൻ എന്തു രസമായിരുന്നു. 
ബലൂണും , കിലുക്കയും, ആലുവയും, പൊരിയും , ഒക്കെ ഉണ്ടാകാറുണ്ട്. 
പക്ഷെ ഒന്നും വേണം എന്ന് ഇപ്പൊ തോന്നാറില്ല... പണ്ടൊക്കെ ഒന്നും വിട്ടു കളയാറില്ല അല്ലെ...

രണ്ട്‌ വർഷമായിട്ടു ഒന്നും ഇല്ല അച്ഛച്ഛാ...
അച്ഛച്ഛ വല്ലതും അറിയുന്നുണ്ടോ ?
പൂരം എന്നു കേട്ടാൽ എനിക്ക് pamboor ഉം അച്ഛച്ഛാ നേയും ഓർമ്മ വരും...

അച്ഛച്ഛാ...സുഖല്ലേ....

എന്ന്‌,
 സ്വന്തം.
======================================
Suraj Surendran
Vadookkara, Thrissur

ഓർമ്മകളിലൂടെ പുറകോട്ടു പോകുമ്പോൾ 
പൂരങ്ങളുടെ തുടക്കമൊക്കെ എന്നത്തേയും പോലെ അച്ഛനിൽ നിന്നും തന്നെയാണ് തുടക്കം... 
ഇവിടെ അടുത്തു തന്നെ വട്ടപ്പിന്നി അമ്പലത്തിലെ വിഷു വേലയിൽ ആണ് എന്റെയൊക്കെ പൂരം കാണൽ അരങ്ങേറ്റം... 
ഇവിടെ പ്രാധാന്യം വെടിക്കെട്ടിന് തന്നെയാണ്... 
ചങ്കിടിപ്പോടെയാണ് അന്നൊക്കെ വെടിക്കെട്ട് കാണാൻ നിൽക്കുക... 
തിരി കൊളുത്തി കഴിഞ്ഞാൽ പിന്നെ എന്റെ കുഞ്ഞു കൈവിരലുകൾ അറിയാതെ 
രണ്ടു ചെവിയിലേക്കും തിരുകിക്കേറും... ആ സമയത്തു തന്നെ തണുത്ത രണ്ടു കരങ്ങൾ 
എന്റെ കുഞ്ഞു കൈകൾ മെല്ലെ ചെവിയിൽ നിന്നും വിടുവിക്കും... 
ഒറ്റ വരിയിൽ നിന്നും കൂട്ടത്തിലേക്ക് തീ പടർന്നു കഴിയുമ്പോൾ കാണുക ഇറുക്കിയടച്ചു നിൽക്കും... 
ആ സമയത്തു അച്ഛനെന്നെ ശരീരത്തോട് ചേർത്തു പിടിച്ചിട്ടുണ്ടാകും... 
ആ സംരക്ഷണയിൽ ഒരു വെടിക്കെട്ട് പൂർത്തിയാക്കിയതിന്റെ അഹങ്കാരത്തിൽ 
വീട്ടിലേക്കൊരു തിരിച്ചു നടപ്പുണ്ട്... അവിടെ നിന്നുമാണ് അച്ഛന്റെ കൂടെ തന്നെ തൃശ്ശൂർ പൂരത്തിലേക്കുള്ള പ്രൊമോഷൻ... 
അച്ഛനന്നു പകർന്നു തന്ന സംരക്ഷണയുടെ ധൈര്യത്തിലാകണം, 
ഇന്നും എത്ര വലിയ വെടിക്കെട്ടുകളും ഏറ്റവും അടുത്തു നിന്നു തന്നെ കാണാൻ ശ്രമിക്കാറുണ്ട്... 
അവസരങ്ങൾ ഒരുപാട് ഒത്തു വന്നിട്ടും ഇന്നോളം ഏതെങ്കിലും കെട്ടിടങ്ങളുടെ മുകളിലിരുന്ന് അതൊന്നും കണ്ടതായി ഓർമ്മയിലില്ല...      

വർണ്ണങ്ങളും വിസ്മയകാഴ്ചകളും ഏറെയും പകൽപൂരങ്ങൾക്കാണെങ്കിലും 
ഓർമയിൽ നിന്നെടുത്തു പറയാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പൂരമായിരുന്നു... 
രാത്രി പതിനൊന്നോടെ തുടങ്ങുന്ന പൂരം എഴുന്നള്ളിപ്പിനും കുറെയേറെ മുൻപേ തന്നെ 
പാറമേക്കാവിന്റെ മുന്നിൽ കൂട്ടുക്കാരുമൊത്തു ഞങ്ങൾ സ്ഥാനം പിടിച്ചിരിക്കും... 
മറ്റു പകൽ വെളിച്ചങ്ങളൊന്നുമില്ലാതെ ദീപാലംകൃതമായ ക്ഷേത്രത്തിന്റെ മുന്നിൽ 
തീവെട്ടികൾ നിരനിരയായി നിവർത്തി നിറുത്തിയിരുന്നു... അതിനോടടുത്തു തന്നെ 
വലിയ കുട്ടകം പോലെയുള്ള പാത്രത്തിൽ പാതിയും എണ്ണ നിറച്ചു വച്ചിട്ടുണ്ട് ... 
പൂരം തുടങ്ങുന്നതിനു തൊട്ടു മുൻപേ നിരയായി വച്ചിരിക്കുന്ന തീവെട്ടികളെല്ലാം
ഓരോന്നായി ഈ എണ്ണയിൽ വന്നു മുക്കിയെടുക്കും... 
ഓരോ തീവെട്ടിയിലും കനത്തിൽ തുണികൾ ചുറ്റിയ മൂന്നോ അഞ്ചോ വലിയ പന്തങ്ങൾ വീതമുണ്ടാകും... 
ഇങ്ങനെ എണ്ണയിൽ മുക്കിയെടുത്ത ഓരോ തീവെട്ടിയിലും ഒരാൾ വന്നു തീ കൊളുത്തുകയായി... 
നിരനിരയായി ആളിക്കത്തുന്ന തീവെട്ടികളുടെ പ്രകാശത്തിൽ ക്ഷേത്രത്തിനു മുന്നിൽ 
നിരന്നു നിൽക്കുന്ന പതിന്നാലു കൊമ്പന്മാരുടെ നെറ്റിപ്പട്ടത്തിലെ ഒരു ലക്ഷത്തോളം അടുത്തു 
വരുന്ന സ്വർണനിറമാർന്ന കുമിളകൾ അതീവ പ്രകാശത്തോടെ ശോഭിക്കുമ്പോഴുണ്ടാകുന്ന 
ആ മനോഹരമായ കാഴ്ച, അത് നേരിട്ടനുഭവിച്ചവർ പിന്നീടൊരു കാലത്തും 
രാത്രി പൂരം ഒഴിവാക്കില്ലെന്നുള്ള ഉറപ്പു തന്നെയാണ് ഞാനിന്നും രാത്രിപ്പൂരങ്ങൾക്ക് 
ഇത്രയേറെ നൽകുന്ന പ്രാധാന്യവും... 
ആ സമയം ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്തേക്ക്, 
കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ആ രാത്രി കാലത്തിലേക്ക് 
ചുവന്ന പട്ടുകുടകൾ ചൂടി നിൽക്കുന്ന കൊമ്പന്മാർക്ക് ഒത്ത നടുവിലേക്ക്, 
ചുറ്റിലും സ്വർണ്ണ അലുക്കുകൾ ഭംഗിയായി തൂങ്ങി കിടക്കുന്ന കരിംപച്ച കുട ചൂടി 
ഭഗവതിയുടെ തിടമ്പും സ്വർണ്ണ കോലവുമെടുത്ത് മറ്റു പതിനാലു പേരെയും നിഷ്പ്രഭമാക്കികൊണ്ട് 
പ്രധാന കൊമ്പന്റെ പ്രൗഢഗംഭീരമായ ഒരു വരവുണ്ട്... 
ഇമ്മാതിരി ഒരൊറ്റ ദിവസത്തെ ഇൻട്രോയിൽ കിട്ടുന്ന ആർപ്പുവിളികളും ആരവങ്ങളൊന്നും 
ജീവിതത്തിലിന്നോളം മനുഷ്യനായി പിറന്ന മറ്റൊരു സെലിബ്രിറ്റിക്കും ഒരുപക്ഷെ ഒരു വർഷത്തിൽ മൊത്തം കിട്ടിക്കാണില്ല... 

പതിനഞ്ചു പേരും നിരന്നു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് നാദവിസ്മയം തീർക്കുന്ന 
അതിഗംഭീരമായ പഞ്ചവാദ്യത്തിനു തുടക്കമാകും... നാൽപ്പതോളം വരുന്ന വാദ്യ കലാകാരന്മാർ 
നിരന്നു നിന്നു കൊണ്ട് തിമിലയും മദ്ദളവും ഇടയ്ക്കയും കൊമ്പും 
ഇലത്താളവുമൊക്കെയായി പഞ്ചവാദ്യത്തിനു ആരംഭമാകുമ്പോൾ, 
ആദ്യകാലം കൊട്ടി തുടങ്ങുമ്പോൾ അത്രയ്ക്ക് ഉത്സാഹമൊന്നും കൂടി നിൽക്കുന്നവരിലേക്ക് 
ഇരച്ചു കയറി തുടങ്ങില്ലെങ്കിലും, വാദ്യത്തിന്റെ ഓരോ കാലം കൊട്ടിക്കേറും തോറും  
ഞാനുൾപ്പെടെ ചുറ്റിലും നിൽക്കുന്നവരുടെ പെരുവിരലിൽ നിന്നും ആസ്വാദനത്തിന്റെ 
അനുഭൂതി കൈകളിലേക്കെത്തിയിരിക്കും... 
ഏകദേശം രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന പഞ്ചവാദ്യത്തിന്റെ അവസാന 
കാലത്തിലേക്ക് കൊട്ടിക്കയറുമ്പോൾ, ചുറ്റുമൊന്നു നോക്കണം... 
ഒരേ താളത്തിനൊത്ത് മേളത്തിനൊത്ത് ഒരേ മനസ്സോടെ തലയ്ക്കു മുകളിൽ ഉയരുന്ന 
ആയിരക്കണക്കിന് കൈകൾ ചുറ്റിലും നിരന്നിരിക്കും... 
കൂട്ടം കൂടിയപ്പോഴും അതിനോടൊപ്പം ആളിക്കത്തുന്ന തീവെട്ടികളുടെ ചൂടിലും 
ഒരു കുടം വെള്ളമെടുത്ത്  ശരീരത്തിലപ്പാടെ കോരിയെടുത്തൊഴിച്ചു നിൽക്കുന്ന 
തരത്തിൽ വിയർത്തു കുളിച്ചു നിൽക്കുമ്പോഴും, കേട്ടുകേൾവി പോലുമില്ലാത്ത 
ഒരിക്കൽ പോലും ഇന്നു വരെ പരസ്പരം നേരിട്ട് കാണാത്ത ചുറ്റും കൂടിയിരിക്കുന്ന 
ആസ്വാദകർ ഒന്നാകെ ഒന്നായി തീരുന്ന ആ കാഴ്ച, അത് തന്നെയായിരിക്കണം 
പൂരങ്ങളുടെ പൂരം നമുക്ക് മുന്നിലേക്ക് വച്ചു നൽകുന്ന വിലപ്പെട്ട സന്ദേശവും...  

തലേന്നാൾ നെയ്തലക്കാവിലമ്മയെത്തി തെക്കേ ഗോപുര നടയും തുറന്നു പുറത്തിറങ്ങുന്നതും, 
അതി രാവിലെ വെയിലും മഞ്ഞുമേല്ക്കാതെ കണിമംഗലം ശാസ്താവു വന്നു ഘടക പൂരങ്ങൾക്ക് 
തുടക്കം കുറിച്ച് അവസാനത്തെ ഘടകപൂരമായ ചൂരക്കോട്ടുകാവിൽ ഭഗവതിയുടെ 
എഴുന്നള്ളിപ്പും തിരുവമ്പാടിയുടെ മഠത്തിൽ വരവും പാറമേക്കാവിന്റെ 
ഇലഞ്ഞിത്തറ മേളവും നഗരത്തെ മൊത്തം ജനസാഗരമാക്കി വർണ്ണങ്ങളുടെ 
വിസ്മയം തീർക്കുന്ന ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന കുടമാറ്റവും 
പുലർച്ചെ നടക്കുന്ന ഘനഗംഭീര വെടിക്കെട്ടും പിറ്റേന്നുള്ള മ്മടെ സ്വന്തം 
തൃശ്ശൂര്ക്കാരുടെ പൂരവും അടുത്ത വർഷത്തെ കാത്തിരിപ്പിനുള്ള ഊർജ്ജവുമായി 
ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതും അങ്ങനെ പൂരത്തിന്റെ എല്ലാമെല്ലാം 
വില കുറച്ചു കാണുന്നത് കൊണ്ടൊന്നുമല്ല രാത്രി പൂരം ഏറെ പ്രിയമായി മാറിയത്... 
എന്തോ ചിലതെല്ലാം അങ്ങനെയൊക്കെയാണ്...    

പഞ്ചവാദ്യം കാലം മാറി പാണ്ടിയും കൊട്ടിയിറങ്ങി... 
മേളപ്പെരുമ തീർത്ത് ഇലഞ്ഞിത്തറ എപ്പോഴേ ഒഴിഞ്ഞു കഴിഞ്ഞിരുന്നു  ... 
വർണ്ണങ്ങളിൽ കുളിച്ച് കയറിയ കുടമാറ്റവും ഇനിയൊരു ഓർമ്മ മാത്രമാക്കി 
ഇരുളിന്റെ മാസ്മരികതയിൽ രാത്രിപ്പൂരവും വിസ്മയിപ്പിച്ചപ്പോൾ, പ്രകമ്പനത്തിന്റെ 
രൗദ്രതയിൽ ആകാശപ്പൂരവും ആടിത്തിമിർത്തിരുന്നു... 
ഒടുവിൽ കൊല്ലവർഷം 2019-ൽ  ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞപ്പോൾ 
ബാക്കിയായത് ഞങ്ങൾക്കന്നു കാത്തിരിപ്പിന്റെ വെറും 365 ദിനരാത്രങ്ങളായിരുന്നു... 
കഴിഞ്ഞ് പോയത് പത്തും ഇരുപതും ദിവസങ്ങളല്ല... 
മറിച്ച് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലുകളുടെ രണ്ടു വർഷങ്ങൾ തന്നെയാണ്... 
നല്ലൊരു നാളേയ്ക്കായതു കൊണ്ട് മനസ്സിലുള്ള സങ്കടങ്ങളും കുഞ്ഞു പരിഭവങ്ങളും 
പുറത്തു കാണിക്കാതെ മാസ്ക്കും ധരിച്ച് സാനിറ്റയിസർ ഉപയോഗിച്ച് കൈയും കഴുകി 
ശരീരം വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും ഞങ്ങളിനിയും ക്ഷമയോടെ കാത്തിരിക്കും... 
ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും... 
ഈ നിമിഷവും കടന്നു പോകുക തന്നെ ചെയ്യും...

======================================
Sini Mol S
Palakkad

"ഞാൻ കണ്ട പൂരം"

ഭൂമിയിൽ പിറന്ന ഓരോ മനുഷ്യനും അവരുടേതായ അനുഭവങ്ങൾ ഉണ്ടാവുക തീർത്തും സ്വാഭാവികമാണ്.
ഒരു തരത്തിൽ ഈ അനുഭവങ്ങൾ  അവന്റെ /അവളുടെ മുതൽകൂട്ടുകൾ തന്നെയാണ്.  
എനിക്കുമുണ്ടൊരു അനുഭവം !
ഞാൻ കണ്ട എന്റെ പൂരം!

വില്വമലയ്ക്കും  വീഴു മലയ്ക്കും മദ്ധ്യേ ഗായത്രി പുഴയുടെ കളകളാരവമേറ്റു കിടക്കുന്ന കാവശ്ശേരി ദേശത്തിന്റെ നന്മകളിലേക്ക്....
മേട ചൂടിന്റെ മുത്തുകുടകൾ വാരിവിതറിയ നാട്ടുവഴികളുടെ മുഖകാന്തിയിലേക്ക് ആരവത്തോടെ വരുന്ന ഞങ്ങളുടെ പൂരം.....
കാവശ്ശേരി പൂരം.

പുസ്തകങ്ങളുടെ വിശാല ലോകം എന്നും പ്രിയപെട്ടതു കൊണ്ടാവാം വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനെയും ' നെഞ്ചിലേറ്റിയാണ് ഞാൻ പൂരപ്പറമ്പിലേക്ക് നടന്നത്.
കേരളീയർ ആനക്കമ്പക്കാരാണെന്ന് 🐘 പറയുന്നത് എത്ര ശെരിയാ...
ആനയില്ലാത്ത ഒരെഴുന്നള്ളത്തോ, ഉത്സവമോ നമുക്ക് സങ്കല്പിക്കാനാവില്ല.
   
കാതടപ്പിക്കുന്ന വാദ്യഘോഷങ്ങൾക്കിടയിൽ ഏറെ നേരം നിന്നു.
മംഗള വാദ്യവും,  കുതിരയും, ആൾക്കൂട്ടങ്ങളും, ഹൽവാ സ്റ്റാളും,
യന്ത്ര ഊഞ്ഞാലും കച്ചോടക്കാരും, പൂതനും തിറയും പിന്നെ........
കോൽ മിഠായും. 🍭
എന്നാൽ എന്റെ കണ്ണുകൾ തിരയുന്നത് സഹ്യപുത്രനെയാണ്. 🐘
വൈലോപ്പിള്ളിയുടെ ഭാവനയാൽ  എന്റെ ഹൃദയത്തെ അപഹരിച്ച ആ ഗജവീരൻ.

ആൾക്കൂട്ടങ്ങൾക്കിടയിൽ എന്റെ കുടുംബത്തോടൊപ്പം ഞാനും നടന്നു. എങ്ങും പരിചിതമായ മുഖങ്ങൾ ! കണ്ടാൽ ചിരിക്കുന്നവർ, കണ്ടില്ലെന്നു നടിക്കുന്നവർ,
വീട്ടുകാരും,  നാട്ടുകാരും, പിന്നെ പരിചയക്കാരും....
എല്ലാവരും സന്തോഷത്തിലാണ്. സന്തോഷിക്കട്ടെ,  
വണ്ടികാളകളെ പോലെ ചുമലിൽ ഭാരം പേറി നടക്കുന്ന
സാധാരണക്കാരായ മനുഷ്യ കോലങ്ങൾക്ക് എല്ലാ ഭാരവും അല്പ നിമിഷത്തേക്കെങ്കിലും
മാറ്റിവച്ച് ആർത്തുല്ലസിക്കാൻ കിട്ടുന്ന ഒരവസരമാണിത്.
ഞങ്ങളുടെ പൂരം!

പഞ്ചവാദ്യം അതുമൊരു ലഹരിയാണ്.
വാദ്യത്തിന്റെ താളത്തിനൊപ്പം തലയാട്ടിയും, കൈകൾ കൊട്ടിയും
 "ദേവിയെ... അമ്മേ.... " എന്നുറക്കെ വിളിച്ചും പോകുന്ന എന്റെ നാട്ടുകാർ!
     
    ഒടുവിൽ ഞാൻ കണ്ടു.
എന്റെ ഹൃദയത്തിൽ ജനിച്ച മോഹം സഫലമായ ആ നിമിഷം.
പൂരത്തിന്റെ മാറ്റു കൂട്ടുന്നതിനായി നിരന്നു നിൽക്കുന്ന അഞ്ചു ഗജവീരന്മാർ.🐘🐘🐘🐘🐘
മദ്ധ്യേ സ്ഥാനം പിടിച്ച ഗജവീരന്റെ മുകളിലേറി ഞങ്ങളുടെ തട്ടകത്തമ്മ തന്റെ പ്രജകളെ കാണാൻ എഴുന്നളുന്നു.

സഹ്യ പുത്രനെ ഞാൻ നേരെ ഒന്ന് നോക്കട്ടെ,
ഹം... കുറ്റം പറയില്ല.
നല്ല തല പൊക്കവും, കൊമ്പുകളുടെ വലിപ്പവും എല്ലാം കാണേണ്ടത് തന്നെ.
ചെണ്ട മേളത്തിനൊപ്പം താളം മുറിക്കാതെ അവൻ തന്റെ പുള്ളി ചെവികൾ
ആട്ടുന്നു. 🐘
വസന്തത്തിൽ പൂത്തു തഴച്ചു നിൽക്കുന്ന സഹ്യ
പർവ്വതത്തിന്റെ
 താഴ്‌വരയാണ്  ആനയുടെ ജന്മഗൃഹം എന്ന വൈലോപ്പിള്ളി വരികൾ ഞാനോർത്തു.
ഇരുമ്പു ചങ്ങലകൾ ആഭരണങ്ങളാക്കി അവൻ കാലിൽ അണിഞ്ഞിട്ടുണ്ട്.
അവനെ നയിക്കാൻ ഒന്നിലേറെ പാപ്പാൻമാരും.
നീണ്ട തുമ്പികൈയാൽ അവൻ ആരെയെല്ലാമോ തന്റെ അരികിലേക്ക് മാടി മാടി വിളിക്കുന്നുണ്ട്.

താലങ്ങളുടെ ശോഭയിൽ അവൻ നടന്നു വരുന്ന കാഴ്ച്ച ക്യാമറാകണ്ണിൽ📸 പകർത്താൻ തിക്കും തിരക്കുമായി നാട്ടുകാരും.
സഹ്യ പുത്രന്റെ മുകളിൽ
" ഞാനെ രാജാവ്..🤴🏻"
എന്ന ഭാവത്തോടുകൂടി ഇരിക്കുന്ന ചേട്ടന്മാരെയും ശ്രദ്ധിക്കാതെ വിട്ടില്ല.
വെഞ്ചാമരത്തിന്റെ അഴകിനെ തള്ളി മാറ്റി, കാണികളെ ഹരം കൊള്ളിച്ചത് വ്യത്യസ്ഥ വർണ്ണങ്ങളിൽ വിരിയുന്ന കുടകളാണ്.
   
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും സെൽഫി
സ്റ്റിക്കിനുമീതെ📱  ഞാനും തലയുയർത്തി ചിരിച്ചു.
അളവില്ലാതെ ആനന്ദിച്ച നാളുകൾ.
അപ്പോഴാണ് കാവിൽ നിന്നും ആ ശബ്ദം കേൾക്കുന്നത്.

എന്താണീ ശബ്ദം...?
കൊമ്പുവിളിയാണോ...?
അല്ല,  ആനയുടെ ചിന്നം വിളിയാണല്ലോ... 🐘
തട്ടകത്തമ്മയെ വലംവച്ച് തൊഴുതി, അനുഗ്രഹം വാങ്ങുന്ന സഹ്യ പുത്രന്റെ നിലവിളി.
ഒപ്പം പഞ്ചവാദ്യവും.
പതികാലത്തിൽ തുടങ്ങി ഇടച്ചിലും,  കലാശം കൊട്ടി പഞ്ചവാദ്യവും അവസാനിക്കുമ്പോൾ... ഇടയിൽ കരിമരുന്നിൻ 🎇
വർണ്ണ വിസ്മയങ്ങളും പ്രകമ്പനങ്ങളും.

കരിമരുന്നിൻ കൂട്ടങ്ങൾ ഭൂമിയിൽനിന്നുയർന്നു മേഘങ്ങളെ തലോടി താഴേക്കു പതിക്കുമ്പോൾ... 🧨🎇🧨🎇🧨🎇
വിണ്ണിലെ ദേവന്മാർ ഭൂമിയിലെ മക്കൾക്കായി വജ്രങ്ങൾ എറിയുകയാണോ എന്ന് തോന്നും.
കർണ്ണങ്ങൾക്ക്👂🧨 അസ്വസ്ഥമാണെങ്കിലും, വെടികെട്ടിനെ ചിരിച്ചുകൊണ്ട്
വരവേൽക്കുന്ന മലയാളി... അവർ പ്രിയപ്പെട്ടവരാണ്.
 
തീപന്തങ്ങൾ 🔥
വാനിലേക്കുയരുമ്പോൾ... തട്ടകത്തെ മക്കൾക്ക് താങ്ങായും, തണലായും അഭയമേകി, സമസ്ത മാതൃഭാവമായി സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞ്  പരിലസിക്കുന്ന ഞങ്ങളുടെ ദേവിയുടെ
കൃപാകടാക്ഷങ്ങൾ ഈ ദേശമാകെ പടരുന്നു.

 വീട്ടിലെത്തി, ഇരുൾ നിറഞ്ഞ രാത്രിയിൽ ഏകയായി എന്നെ ഉറക്കം കൈപിടിച്ചപ്പോഴാണു ഞാൻ ഓർത്തത്.
എന്തോ ഒന്ന് നഷ്ട്ടപെട്ടു.... !
ആ പൂരപ്പറമ്പിൽ വച്ച് എന്തോ ഒന്ന് നഷ്ട്ടപെട്ടു.

എന്താണത്....❓
എന്റെ ഹൃദയം. ❤️

അതേ,  എന്റെ ഹൃദയം കളഞ്ഞുപോയി.
ആ പൂരപ്പറമ്പിന്റെ ഏതോ ഒരു കോണിൽ.....
താളമേളങ്ങൾക്കു നടുവിൽ....
ഗജവീരന്മാർക്കു മദ്ധ്യേ....

അതുമല്ലെങ്കിൽ.....
തട്ടകത്തമ്മയുടെ സന്നിദ്ധിയിൽ.... !!!!

സമർപ്പണം,
 സിനി മോൾ. എസ്

======================================
Lakshmi Balachandran
W/O Naveen Raghunandan (Konikkara)
Botswana, South Africa

എന്‍റെ നാടിന്‍റെ പൂരപ്പെരുമ!!

പൂരക്കാലം എന്‍റെ ബാല്യത്തിലെ നിറച്ചാര്‍ത്തണിഞ്ഞ ഒരദ്ധ്യായം തന്നെയാണ്. 
അന്നൊക്കെ പൂരം തൊടങ്ങാറായി എന്ന് കേട്ടാല്‍ തന്നെ ആദ്യം ഓര്‍മ വരണത് കരികൊമ്പന്‍മാരുടെ 
തലയെടുപ്പോ,മേള കാഴ്ചകളോ ഒന്നുമല്ലായിരുന്നു.പല കളറുകളിലും,തരങ്ങളിലും ഉള്ള കളിപ്പാട്ടങ്ങളുമായ് 
പൂരപറമ്പിലേക്ക് എത്തുന്ന കച്ചവടക്കാരിലേക്ക് മാത്രമായൊതുങ്ങുന്ന ഒരു ബാല്യം സ്വന്തമായിരുന്നു.
മത്തങ്ങാ ബലൂണുകളും, നീളത്തില്‍ ഉള്ള ബലൂണുകളും,കണ്ണ് ചിമ്മിയടയ്ക്കുന്ന പാവകളും, 
ഒരുപാട് നിറങ്ങളില്‍ ഉള്ള കുപ്പി വളകളും,മുത്ത്‌ മാലകളും,കണ്മഷിയും, ശിങ്കാര്‍ ചാന്തുപൊട്ടും 
അങ്ങനെ,അങ്ങനെ സ്വന്തമാക്കണമെന്ന് മോഹിച്ചു കൊതിയോടെ നോക്കി നിന്നവയെ കണ്‍കുളിര്‍ക്കെ 
കാണാന്‍ കിട്ടുന്ന ഒരു പൂരക്കാലം മതിയാവാതെ വരുമായിരുന്നു.

സ്കൂളില്‍ നിന്നോ,കടയില്‍ നിന്നോ ഒക്കെ പോയി വരുന്ന ഇടവഴികളില്‍ വച്ചെവിടെയെങ്കിലും 
ചങ്ങലയുടെ കിലുക്കം കേള്‍ക്കുന്ന നേരം ഇടനെഞ്ചില്‍ ഉരുള്‍ക്കിടിലം ഉരുണ്ട് കയറാറുണ്ട്.
ചങ്ങലയുടെ ഉടമസ്ഥന്‍ കറുത്ത തടിച്ച ഒത്ത ഉയരമുള്ള  കരികൊമ്പന്‍ ,സദാ ചുവന്ന കണ്ണുകളും,
കുഴഞ്ഞ നാക്കുകളും ഉള്ള അവന്‍റെ പാപ്പനോടൊപ്പം താന്‍ പോകുന്ന ഇടവഴികളിലെ സഞ്ചാരകന്‍ 
ആണെന്നുള്ള ബോധം പലപ്പോഴും എന്നെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.
കഷ്ടിച്ച് നടക്കാവുന്ന ഇടവഴികളില്‍ നേര്‍ക്ക്‌ നേര്‍ എത്തിപെട്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് താനും.
ശ്വാസം അടക്കിപ്പിടിച്ചു വേലിയരികിനോട് ചേര്‍ന്ന് നിന്നിരുന്ന നിമിഷം, കൊമ്പന്‍ പാപ്പനോടൊപ്പം 
കടന്നു പോയ മാത്രയില്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ നടന്ന് നീങ്ങാറുള്ള ആ ദിവസങ്ങള്‍ 
ഓര്‍മ്മ്ചെപ്പില്‍ ഇന്നും ഭദ്രം. 

ഒരു പ്രായം കഴിഞ്ഞപ്പോള്‍ ആനയോടുള്ള ഭയം മാറി ആരാധന തോന്നി തുടങ്ങി.
അതിനുള്ള കാരണം എന്റെ വീടിനടുത്ത് തന്നെയായി ഒരു ചെറിയ പാടം ഉണ്ടായിരുന്നു.
പൂരത്തിന് വരുന്ന ആനകളെ കുളിപ്പിക്കാന്‍ അങ്ങോട്ടായിരുന്നു കൊണ്ട് വരാറുള്ളത്.
ഞങ്ങള്‍ കുട്ടികള്‍ ചിലപ്പോഴൊക്കെ ആനകളെ കുളിപ്പിക്കാന്‍ കൊണ്ട് പോകുമ്പോള്‍ കാണാന്‍ 
പുറകെ പോകാറുണ്ട്. അവരൊക്കെ ആനക്കുളി കാണാന്‍ ഇഷ്ടപെട്ടപ്പോള്‍ പാടത്തെ 
മൈലാഞ്ചി ചെടിയിലായിരുന്നു എന്റെ ഇഷ്ടം. പാടത്തെ മൈലാഞ്ചി ചെടിയിലെ ഇലകള്‍ അത്രയും ചുവപ്പുള്ളതായിരുന്നു. വെള്ളത്തില്‍ കിടക്കുന്ന ആനകള്‍ എത്ര നിഷ്ക്കളങ്കതയുള്ളവയാണെന്നൊരിക്കല്‍ തോന്നി.പാപ്പാന്‍ അതിനെ തേച്ച് കുളിപ്പിക്കുമ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ ചിരിച്ച മുഖത്തോടെ അത് വെള്ളത്തില്‍ സുഖമായ് കെടക്കുന്നത് കണ്ടു.
അങ്ങനെ എപ്പോഴോ ആനകളെ ഞാനും പതിയെ ഇഷ്ടപ്പെടാന്‍ തൊടങ്ങി.തലയെടുപ്പോടെയുള്ള അവന്‍റെ തലേക്കെട്ട് കെട്ടിയുള്ള നില്‍പ്പും,നടപ്പും ചേഷ്ടകളും നോക്കി കൊണ്ട് നില്‍ക്കാന്‍ എല്ലാവരേം പോലെ എനിക്കും കൗതുകമായി തൊടങ്ങി.
പിന്നീട് അങ്ങോട്ട്‌ മേളവും ആന കൊമ്പന്മാരും നിറഞ്ഞ പൂരക്കാല ഓര്‍മ്മകള്‍ എന്നില്‍ എറെയായ്. 
വളരും        തോറും ആനകളെ പോലെ തന്നെ മേളക്കമ്പവും എന്നില്‍ വളര്‍ന്നു കൊണ്ടേ ഇരുന്നു.
പാണ്ടിയും, പഞ്ചാരിയും, പഞ്ചവാദ്യവും മുറുകിക്കയറിയ പൂരനാളുകളില്‍ ഹൃദയമിടിപ്പിന്‍റെ 
വേഗതയും ഒരു' കലാശക്കൊട്ടിന്റെ വേഗതയില്‍ മുറുകി ക്കയറിക്കൊണ്ടേ ഇരുന്നു. 
ഞങ്ങള്‍ക്ക് മേളവും പൂരവും ഒരു വികാരം തന്നെയാണ്.ഗ്രാമത്തിലെ ഓരോരുത്തരും, 
പ്രായഭേദമന്യേ ശ്വാസവായു കണക്കെ കാത്ത് വച്ചിരിക്കുന്ന ഒന്ന്.
പൂരക്കാലത്തെക്കുറിച്ച് പറയുവാന്‍ അത്രയും കാണും ഓരോ മനസുകള്‍ക്കും.

ഇനി അല്‍പ്പം പൂരപ്പെരുമയാകാം. 
എന്‍റെ ഗ്രാമത്തിലെ പ്രസിദ്ധമാര്‍ന്ന ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തില്‍ മീനമാസത്തിലെ അശ്വതിനാള്‍ 
ആരംഭിക്കുന്ന പൂരക്കാലം അത്തം നാളില്‍ കൊടിയിറക്കം വരെ നീളുന്ന പൂരകാഴ്ചകളാല്‍ ചമച്ചൊരുക്കിയ 
നിറമുള്ള ഇന്നലെകള്‍ സ്വന്തമുണ്ടെന്ന സ്വകാര്യ അഹങ്കാരം തെല്ലില്ലാതെയില്ല പ്രിയപെട്ടവരെ.
ഓര്‍ക്കുവാന്‍ മാത്രമേ കഴിയുള്ളൂ എങ്കില്‍ ചില ഓര്‍മകള്‍ക്ക് മധുരം മാത്രമേ പകരം നല്‍കാന്‍ ആവുകയുള്ളൂ.
പൂരപ്പെരുമയിലേക്ക് കടക്കാം.പെരുവനം-ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് കുംഭ മാസിലെ പൂരം നാളില്‍ 
ദേശത്തെ കാരണവര്‍ ഭക്തജനങ്ങളുടെ സാനിദ്ധ്യത്തില്‍ ക്ഷേത്ര പരിസരത്തേക്ക് വടിയെറിഞ്ഞു 
ദിശ നിശ്ചയിക്കുകയും, അന്നേക്ക് ഇരുപത്തെട്ടാം പക്കം ആറാട്ടുപുഴ പൂരം എന്ന് വിളംബരം ചെയ്യുകയും 
തുടര്‍ന്ന് വടി വീഴുന്ന ദിശയില്‍ നിന്ന് കവുങ്ങ് വെട്ടി കൊണ്ട് വന്നു ക്ഷേത്രനടയ്ക്കല്‍ കൊടിമരം നാട്ടല്‍ ചടങ്ങും നടത്തുന്നു.
മീന മാസത്തിലെ അശ്വതി നാളിലെ അശ്വതി വേലയോട് കൂടി ആ വര്‍ഷത്തെ പൂരക്കാലത്തിനു ആരംഭം കുറിയ്ക്കയായ്.അശ്വതിവേല നാള്‍ ഭഗവതിയുടെ ഇഷ്ട വഴിപാടായ് വെളിച്ചെണ്ണ സമര്‍പ്പണം നടത്തുന്നു.
ഇതിനായ് ഭക്തര്‍ നാനാ ദിക്കുകളില്‍ നിന്നും എത്തിച്ചേരാറുണ്ട്. തുടര്‍ന്ന് അശ്വതി പണം കാണിക്കയായ് ക്ഷേത്ര നടയ്ക്കല്‍ 
ഭക്തര്‍ സമര്‍പ്പിക്കുന്നു. ദീപാരാധനയോട് അനുബന്ധിച്ച് ശ്രീകോവിലിലും,ചുറ്റമ്പലത്തിലും  തെളിയിക്കുന്ന 
തേങ്ങാമുറി വിളക്കിന്‍റെ നാളത്തില്‍ അതി മനോഹരിയായ് പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളുന്ന 
ചേര്‍പ്പിലമ്മയെ കണ്‍കുളിര്‍ക്കെ കണ്ട പ്രതീതിയില്‍ കണ്ണുകള്‍ പതിയെ അടച്ച്‌,കൈകള്‍ കൂപ്പട്ടെ.
മൂന്നു പ്രദിക്ഷണങ്ങളോട് കൂടിയാണ് ഭഗവതിയെ പഴുക്ക മണ്ഡപത്തിലേക്ക് ആനയിക്കുന്നത്‌. 
ഇടക്ക പ്രദിക്ഷണത്തിന് ശേഷം അഷ്ടപദി പാടിവാദ്യ മേളങ്ങളുടെ അകമ്പടിയോടെ അമ്മയെ പഴുക്കാമണ്ഡപത്തില്‍ 
ആനയിച്ച് ഇരുത്തുന്നു. മണ്ഡപത്തില്‍ ഇരുത്തിയ ശേഷം കേളി, കുഴല്‍ പറ്റ്,കൊമ്പ് പറ്റ് തുടങ്ങിയവ നൈവേദ്യമായ് ദേവിക്ക് സമര്‍പ്പിച്ച ശേഷം അശ്വതി പുറപ്പാട് പഞ്ചാരി മേളം ആരംഭിക്കുന്നു.

അശ്വതി പുറപ്പാടോട്‌ കൂടി ആ കൊല്ലത്തെ  പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍ക്ക് ശുഭാരംഭം കുറിയ്ക്കുന്നു.
തുടര്‍ന്ന് മകയിരം നാളില്‍ സുന്ദരചമയങ്ങളാല്‍ അലങ്കാരിതരായ ഏഴ് ആനകളുടെ അകമ്പടിയോടെ പന്തങ്ങള്‍ ചൊരിഞ്ഞ ദീപപ്രഭയ്ക്കു മുന്‍പിലേക്ക് ക്ഷേത്രത്തിനുള്ളില്‍ നിന്നും ദേവി മകയിരം പുറപ്പാടിനായ് എഴുന്നള്ളുന്നു.
തുടര്‍ന്ന് മേളപ്രമാണിമാരുടെ മേല്‍നോട്ടത്തില്‍  ആരംഭിക്കുന്ന പാണ്ടിമേളം ഇരു ചെവികള്‍ക്കരികിലും നിലയക്കാതെ ഇപ്പോഴും കൊട്ടിക്കയറുന്നുണ്ട്.മേളം കലാശിച്ചതിനു ശേഷം നാദസ്വരത്തിന്‍റെ അകമ്പടിയോടെ  ദേവി പെരുവനം തൊടുകുളത്തില്‍ ആറാട്ടിനായി എഴുന്നള്ളിച്ച് പോകുന്നു. പോകുന്ന വഴിയില്‍ പറ വയ്പ്പും, നിറ ദീപങ്ങളും ഒരുക്കി വച്ച് കൊണ്ട് ഭക്തര്‍ ഭഗവതിയെ വരവേല്‍ക്കുന്നു.തൊടുകുളത്തില്‍ ആറാട്ടിന് ശേഷം തിരിച്ച് ചിറ്റൂര്‍ മനയ്ക്കല്‍  എത്തുന്ന ദേവി ആദ്യ പറ സ്വീകരിക്കുന്നു.
ശേഷം തൊട്ടടുത്ത പ്രദേശങ്ങളില്‍ കൂടി പറ ഏറ്റ് വാങ്ങി അമ്പലപ്പിള്ളി മനയില്‍ ഇറക്കി പൂജ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരികെ മടങ്ങുന്നു..

തിരുവാതിര ആറാട്ട്, പുണര്‍തം ആറാട്ട്,ആയില്യം ആറാട്ട് ,മകം ആറാട്ട് എന്നീ ആറാട്ടുകള്‍ പൂരക്കാലത്തെ  വിശിഷ്ടമായ കാഴ്ചകള്‍ ആണ്. ഭഗവതി ആറാട്ടിന് പോകുമ്പോള്‍ ധാരാളം ഭക്ത ജനങ്ങള്‍  ദേവിക്കൊപ്പം ആറാടാനായ് കാല്‍നടയായ്‌ പോകാറുണ്ട്. പിന്നീട് പൂര കാഴ്ചകളില്‍ കണ്ടു വരുന്ന ചടങ്ങാണ് ഉത്രം പാട്ട്.ഉത്രം നാളില്‍ ദീപാരാധനയ്ക്കു ശേഷം വലിയമ്പലത്തില്‍ പ്രത്യേകം അലങ്കരിച്ച് വിതാനിച്ച സ്ഥലത്ത് ഭഗവതിയെ എഴുന്നള്ളിച്ച് ബ്രാഹ്മിണി അമ്മ സ്തുതി ഗീതങ്ങള്‍ പാടി ദേവിയെ വാഴ്ത്തുന്നു. ശേഷം ദേവിയെ ശ്രീലകത്തെക്ക് എഴുന്നള്ളിക്കുന്നുപെരുവനം, ആറാട്ടുപുഴ പൂരങ്ങളില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന ചേര്‍പ്പിലമ്മ അത്തം നാളില്‍ കൊടികുത്ത് പൂരത്തോടെ ആ വര്‍ഷത്തെ തന്‍റെ പൂരങ്ങള്‍ക്ക് സമാപ്തി കുറിയ്ക്കുന്നു.

ഏകദേശം ഉച്ചയോടു കൂടി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ എത്തുന്നു.
പ്രദക്ഷിണം വച്ച് കൊടിമരം തൊട്ട് പെരുവനം ക്ഷേത്രത്തിലേക്ക് തിരിയ്ക്കുന്നുപെരുവനത്തപ്പനെ വലം വച്ച ശേഷം തിരിച്ച് എഴുന്നള്ളി സമീപ പ്രദേശങ്ങളില്‍ ദേശപ്പറെയെടുപ്പിനു പോകുന്നു. പറയെടുപ്പിന് ശേഷം മൂന്നു ആനകളുടെ അകമ്പടിയോടെ അടന്തമേളം ആരംഭിക്കുന്നു,മേളം കൊട്ടിക്കലാശം കഴിഞ്ഞ് ക്ഷേത്രത്തില്‍ കടന്നു കോലം ഇറക്കി വച്ച്' ഒന്‍പത് പ്രദക്ഷിണം വയ്ക്കുന്നു,ഒന്‍പതാമത്തേത് ഓട്ട പ്രദക്ഷിണമാണ്. പ്രദിക്ഷണത്തോടെ ഓടി വരുന്ന ആന കൊടിമരം കുത്തിയിട്ട്  
കിഴക്കേനടയില്‍ കൊണ്ടിടുന്നതോടെ ഒരാണ്ടിലെ പൂരക്കാലത്തിന് പരിസമാപ്തി കുറിയ്ക്കപ്പെടുകയായ്.

ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്ന പൂരക്കാലം ഹൃദയത്തില്‍ ഒരു പഞ്ചവാദ്യം കണക്കെ കൊട്ടി കയറുന്നത് മിടിപ്പോടെ അറിയുവാന്‍ സാധിക്കുന്നു.
-

ലക്ഷ്‌മി

======================================
Arun A S
Konikkara, Thrissur

ഞങ്ങടെ പൂരം

മറ്റു പുരങ്ങളിൽ നിന്ന് തൃശൂർ പൂരത്തിനെ അസാധാരണമാക്കുന്ന പ്രധാന 
ഘടകം അതാസ്വദിക്കാൻ തേക്കിൻക്കാട് എത്തുന്ന ജനങ്ങളാണ്. ആ ജനതയിൽ ഒരാളായി ജനിക്കാൻ സാധിക്കുക എന്നതാണ് ഭാഗ്യം.
ഒരു തൃശ്ശൂക്കാരന്, അല്ലെങ്കിൽ വേണ്ട.....

ഒരു ഗഡിനെ വച്ച് നോക്കുമ്പോ പുരംന്നു പറഞ്ഞാ അവൻ്റെ ലൈഫ് സ്റ്റൈയ്ലിൻ്റെ ഭാഗാണ്. 
ഇപ്പൊ ലാറ്റിനമേരിക്കക്കാർക്ക് എങ്ങിനാണോ ഫുട്ബോൾ അത് പോലാണ് ഞങ്ങക്ക് ഞങ്ങടെ പൂരം. അതഗട് ആത്മാവിലാ ലയിച്ചു.

ആവോളം കാണാനും വേണ്ടോളം കേൾക്കാനും ഉള്ള സാധനം ഇവടെ സ്റ്റോക്ക്ണ്ട്.. കാണാനായിട്ട് ആന, കുടമാറ്റം ... 
കേൾക്കാനാണേൽ മoത്തിൽ വരവ്, ഇലഞ്ഞിത്തറമേളം... രണ്ടിനും കൂടി വെടിക്കെട്ട് ബെസ്റ്റാ.
തെച്ചിക്കോട്ട് രാമചന്ദ്രൻ തെക്കേനട തുറക്കുമ്പോ തൊട്ട് പൂരം തൊടങ്ങായി. 
അത് കഴിഞ്ഞാ നേരെ ചമയം കാണാൻ പോകും ഒന്ന് പാർമ്മേക്കാവിലും ഒന്ന് കൗസ്തുഭത്തിലും .. 
ഉച്ചക്ക് മിഥിലേന്ന് ഊണ്...(ബിനീലിക്ക് പോണോരും ഉണ്ട്ട്ടാ)
ഊണും കഴിഞ്ഞ് ഒരു കുലുക്കി അടിച്ച് നേരെ നെഹ്റു പാർക്കിലെ പുൽതകിടിയിൽ കിടന്നൊരു ഒറക്കം.
അവിടന്ന് എണീക്കുമ്പോഴേക്കും ശ്രീ മൂലസ്ഥാനത്ത് ആനകളെ കുളിപ്പിച്ച് തൊഴീക്കാൻ കൊണ്ടുവരും.
പിന്നെ രാത്രി 9 മണി വരെ അവറ്റോൾടെ പിന്നാലണ്. 
എനിക്ക് തിരുവമ്പാടി ഭാഗത്തോട്ടാണ് ചായ് വ്, അതിന് കാരണം " തിരുവമ്പാടി ശിവസുന്ദർ " എന്ന 
ആനയാണ്, അത്രേം ഭംഗിയുള്ള ഒരാനേനെ ഞാൻ എൻ്റെ കെരിയറിൽ കണ്ടിട്ടില്ല. 
പിന്നെ ചന്ദ്രശേഖരൻ, കുട്ടിശങ്കരൻ, അർജ്ജുനൻ, ശിവകുമാർ, ഉമാമഹേശ്വരൻ തൊടങ്ങിയവർ 
തിരുവമ്പാടിയിൽ ഉണ്ടാകും ( വല്ലപ്പൂട്ടും മനസിലായാ.., ആനകളാട്ടാ)
പത്മനാഭൻ, നന്ദൻ, ബ്രഹ്മദത്തൻ, അയ്യപ്പൻ, ഗോപാലകൃഷ്ണൻ തൊടങ്ങിയവർ പാറമേക്കാവിലും ഉണ്ടാകും..
ഇതൊക്കേം കഴിഞ്ഞ് പിന്നേം 11 മണി വരെ കപ്പലണ്ടീം കൊറിച്ച് കത്തീം വച്ച് തെക്കേ ഗോപുരനടക്കെ ഇരിക്കും...

രാത്രി എത്ര നേരം വൈകി ഉറങ്ങ്യാലും കണിമംഗലം ശാസ്താവ് വരുമ്പോ ഞങ്ങള് കുളിച്ച് കുട്ടപ്പൻമാരായി 
സലാം പറയാൻ വരും.പിന്നെ ചുള്ളൻ പൊറത്ത് പോകുന്നവരെ ആൾടെ കൂടെ നിൽക്കും.ചെർപ്പുളശ്ശേരി പാർത്ഥൻ സ്ഥിരം ആന്യാണ്.
അതാ കഴിഞ്ഞാ പിന്നെ എങ്കട് തിരിഞ്ഞാലും ആന്യണ്, ഒരു തട്ടാ കിട്ട്യാ വട്ടപ്പാലം കറങ്ങും. 
അത് കൊണ്ട് സേഫായി ഒരു ഡിസ്റ്റൻസ് ഇട്ട് നിന്ന് 10 മണി വരെ മേളം കാണും...

പത്തരക്ക് ഷൊർണ്ണൂർ റോട്ടീന്ന് മൂന്ന് ചേട്ടൻ മാര് കുണുങ്ങി കുണുങ്ങി ഒരു വരവിണ്ട്... 
ആഹാ! ശിവനും ചന്ദ്രുവും സായിപ്പും (ആനപ്രേമികൾ വിളിക്കുന്നത് ), കൃത്യം 11 മണിക്ക് 
പാണ്ടി സമൂഹ മഠത്തിൽ ,മഠത്തിൽ വരവ് തൊടങ്ങും. അത് അങ്ങനെ ആസ്വദിച്ച് നിൽക്കുമ്പോൾ  
പാർമേക്കാവിൽ പെരുവനം കുട്ടൻമാരാരുടെ മേളം. ഒന്ന് റൗണ്ടടിച്ച് വന്ന് വീണ്ടും മഠത്തിൽ വരവില് നിൽക്കും... 
കയ്യില് വിശറീം ഉണ്ടാകും തലേല് നാലഞ്ച് തൊപ്പീം ഉണ്ടാകും.
മഠത്തിൽ വരവ് കഴിഞ്ഞാ വേഗം മിഥിലേ പോകും. വാലുമ്മേ തീ കൊളുത്തീട്ടാ ഓട്ടം ,
എന്തുട്ടാന്നാ?രണ്ടരക്കാ ഇലഞ്ഞിത്തറമേളം അതിന് മുൻപ് സ്ഥലം പിടിക്കണ്ടേ.. 
മിക്കവാറും മേളം തൊടങ്ങീട്ടെ അവിടെ എത്താറുള്ളൂ.... 
അധികം ആർഭാടങ്ങൾ ഇല്ലാത്ത പാണ്ടിമേളം അതാണ് പെരുവനം കുട്ടൻ മാരാർ തരുന്ന ഉറപ്പ്. 
അവസാന കോൽ വീണ് ഉയർന്നാൽ നേരെ പുറത്ത് കടക്കും അവിടെ കിഴക്കൂട്ട് അനിയൻ മാരാർ 
തിരുവമ്പാടിക്ക് വേണ്ടി പാണ്ടിക്കൊട്ടി അവസാനിപ്പിക്കാറായി നിൽക്കുന്നത് കാണാം. 
അതും അവസാനിച്ച് തിരുവമ്പാടി ഭഗവതി തെക്കോട്ടിറങ്ങി കഴിഞ്ഞാൽ ഞാൻ 
അവിടെ നിന്ന് സ്ഥലം വിടും. എൻ്റെ പൂരം അവിടെ അവസാനിക്കുന്നു.
കടന്നു പോയ ഒരോ നിമിഷങ്ങളും ചരിത്രത്തിൽ ലയിക്കുന്നു.

പിറ്റേന്ന് വേറെ പണി ഒന്നും ഇല്ലേൽ ഉപചാരം ചൊല്ലിപ്പിരിയാൻ പോകും.
നീണ്ട കാത്തിരിപ്പാണ് പിന്നെ, അടുത്ത പൂരത്തിനായി. 
അടുത്ത പൂരം എത്തുന്ന ദിവസം വരയും കഴിഞ്ഞ പൂരത്തിൻ്റെ അലയടികളിൽ ഈ നഗരം മയങ്ങുന്നു.....

======================================
Mohammed Haris. T.
Haris Manzil Chathinamkulam
Chandanathope. Po. Kollam 691014.
8113898722

മായാത്ത പൂരമേളം

ആ നീ വരണേ, എവിടെ പൂരം ആവാറായി... 
നിതിനു ഹാരിക്ക് പൂരത്തോടുള്ള ഇഷ്ട്ടം അറിയാം........ . 
കൊല്ലത്തുള്ള ഹാരി കൊല്ലംപൂരം കണ്ടിട്ടുണ്ട്. പക്ഷേ തൃശൂർ പൂരം കണ്ടിട്ടില്ല.. 
ത്രിശൂർ പഠിക്കാൻ തന്നെ ഹാരി തീരുമാനിച്ചത് ഈ പൂര പ്രേമം കൊണ്ടാ..... നിതിൻടെ ഒപ്പം കൂടി  രണ്ടാലും നല്ല പൂര പ്രേമിയായി... 
നിതിൻ ത്രിശൂർകാരനാ... ഹാരിക്കു ഇകാര്യത്തിൽ നിതിനോട് അസുയ്യയാ.... 
അവനെപ്പോഴും പൂരം ചമയംതൊട്ടേ കാണാം എന്നാ ഹാരി പറയുന്നേ... നിതിൻ പൂരം കോടിയേരിയാൽ പ്പുര പറബ്ബാണ്   അവന്ടെ വീട്. 
പകൽപ്പുരം കഴിയാതെ അവൻ വീട്ടിൽ പോകില്ലെന്നുസാരം.. കോളേജിൽ ഒരുമിച്ചായ ശേഷം ഹാരിയും എങ്ങനെയാണ്... 
ഹോസ്റ്റലിൽ നിന്നും ചാടും നിതിനും ക്കൂടി പൂരച്ചന്തം കാണലാണ് പതിവ്. നിതിന്റെ വീട്ടുകാർക്കും ഹാരിയെ ഭയങ്കര ഇഷ്ടമാണ് . 
രണ്ടാളുടെ പൂര പ്രേമം വീട്ടുകാർക്കും നന്നായി അറിയാം. കോളേജിലെ ഇരുവരുടെ ഇരട്ടപ്പേര് തന്നെ പൂരപ്രേമി എന്നാ.... പ
ൂരം കൊടിയേറിയാൽ തന്നെ ഇരുവരും പുതിയ കുപ്പായം എടുക്കും.... കഴിഞ്ഞതവണത്തെ പൂരത്തെ പറ്റി ഇത്തവണ വരെ ഇരുവരും സംസാരിക്കും... 
ആനക്കൂട്ടത്തെയും ചെണ്ടമേളത്തെയും താലപ്പൊലിയെയും കുടമാറ്റം ഒക്കെ കാണാൻ നല്ല ചേലാണ് എന്ന് ഹാരി പറയുന്നത്. 
ഇക്കാര്യം സത്യമാണെന്ന് നിതിൻ സമ്മതിക്കും. നിതിന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ന്  നിതിൻ  ഇടക്ക് പറയാറുണ്ട്. കാലം മാറിയിട്ടും പൂരം എന്നും മാറിയിട്ടില്ലെന്ന്... 
പൂരം അങ്ങനെയാണെന്ന്..... നിതിന് പൂര പ്രേമം തുടങ്ങുന്നത്  അച്ഛനിൽ നിന്നാണ് നിതിന്റെ അമ്മ   പറയുന്നത്... വാസ്തവത്തിൽ അത് സത്യമാണ്... 
തൃശൂർ പൂരത്തിന്റെ മാത്രം പ്രത്യേകതയായ ഇല താളമേളവും പഞ്ചവാദ്യവും കേൾക്കുമ്പോഴേ ഇരുവർക്കും ഹരമാണ്... 
പൂരത്തിനുള്ള പ്രേമമാണ് ഇതുവരെയും ചങ്ങാത്തത്തിൽ ആക്കിയത് തന്നെ....
 ഇലഞ്ഞിത്തറമേളം ആണ് പൂരത്തിന് കൊഴുപ്പുകൂട്ടുന്നത് എന്നാണ് ഹാരിയുടെ ഭാഷ്യം ..  നിതിൻ പറയുന്നത് വെടിക്കെട്ട് ആണെന്നാണ്...

 പക്ഷേ. നിതിന്റെ.... ഫോൺ വന്നപാടെ  ഹാരി സങ്കടത്തിലായി.... ഓർമയിലെ പൂരത്തെ അയവിറക്കിക്കൊണ്ട് നിലവിലെ സാഹചര്യം 
 ഹാരി ചിന്തിച്ചുകൊണ്ടിരുന്നു... കൊറോണ നിറഞ്ഞ ജീവിതത്തിൽ കൊല്ലത്ത് കിടക്കുന്ന ഞാൻ അങ്ങു വരെ എത്തി പൂരം കാണുന്നത് 
 ഇപ്രാവശ്യം സാധ്യമല്ലല്ലോ.. നന്നായി അറിയാം... നിതിനും ഇ കാര്യം അറിയാം. പക്ഷേ ഹാരി യുമായി അടുത്ത ശേഷം നിതിൻ ഒറ്റയ്ക്ക് 
 പൂരം കാണാൻ പോയിട്ടില്ല. നിഴൽപോലെ ഹാരിയും നിതിൻ ഒപ്പമുണ്ടായിരുന്നു.. കൊറോണയുമായി കോളേജ് അടച്ചു. ഹാരി നാട്ടിലേക്കു മടങ്ങി.......... 
 അടുത്ത പൂരത്തിന് തീർച്ചയായും ഒരുമിച്ച് വന്നു കാണാമെന്ന്  ഹാരി നിതിനുമെസ്സേജ് അയച്ചു... ചിരിക്കുന്നഒരു ഇമോജി സന്ദേശം നീതിനും തിരിച്ചയച്ചു..... 
 ആടാ ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല. സാഹചര്യം ഒട്ടും നല്ലതല്ല എനിക്കറിയാം. അടുത്ത തവണ നീ എന്തായാലും വരണം കൊറോണ ഒക്കെ മാറും... 
 നമ്മൾ പണ്ട് കണ്ടപ്പോഴേ കാൾ ഏറെ മികച്ചതായി ഇനി ഒരു പൂരം ചേക്കേറും..... ഇതിന്റെ ആശ്വാസവാക്കുകൾ ഹാരിക്ക് സാന്ത്വനമേകി...... 
 എല്ലാം മാറി പുതിയൊരു പൂരം ഉണ്ടാവുന്നതും കാത്ത് ഇരുവരും കാത്തിരുന്നു.......... 

======================================
Suresh Kumar
Konikkara, Thrissur

*തുശ്ശൂർ* *പൂരത്തിൻ്റെ* *ചെറിയ* *കാഴ്ച* *വിശേഷങ്ങൾ* ,
 [ ചെറിയ കാഴ്ച പറച്ചിൽ ]
      
അച്ഛാ ഈ ആനയാണോ കേരളത്തിലെ ഏറ്റവും വലിയ ആന
പാറമേക്കാവിൻ്റെ തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ട് ക്കാവ് രാമചന്ദ്രൻ എന്ന ആനയെ ചൂണ്ടി കാണിച്ച് മകൾ ചോദിച്ചപ്പോൾ 

അതെ എന്ന് ഉത്തരം നൽകി ഞാൻ എന്നിട്ട് ഇവർക്ക് ഐസ്ക്രീം വാങ്ങാൻ ആ വണ്ടിക്കാരൻ്റെ അരികിലേക്ക് നടന്നു

ഭാര്യയുടെ രണ്ട് ചേച്ചിമാരും ഭർത്താക്കൻമാരും ആദ്യമായി സൗകര്യമായി പൂരം കാണണം എന്ന് പറഞ്ഞപ്പോൾ പൂരത്തിൻ്റെ പിറ്റെ ദിവസം വരൂ
എന്ന് ഞാൻ പറഞ്ഞത് അനുസരിച്ച് വന്നതാണ്

സാധാരണ ഇവരൊന്നും തൃശ്ശൂർ പൂരം നേരിട്ട് കണ്ണാൻ വരാറില്ല
തിരക്ക് ആയിരിക്കും എന്ന് അവർ Tv കണ്ട് മനസ്സിലാക്കിയിരിക്കുന്നു

തൃശ്ശൂർ പൂരത്തിൻ്റെ തനിയാവർത്തനവും കുടമാറ്റവും പിറ്റെ ദിവസവും ഉണ്ടാകും എന്നു പറഞ്ഞപ്പോൾ
അവർക്ക് അറിയില്ലായിരുന്നു പിറ്റെ ദിവസത്തെ പകൽ പൂരവിശേഷങ്ങൾ. അത് കാണാൻ വേണ്ടിയാണ് ഞാൻ ഇവരോട് പിറ്റെ ദിവസത്തെ പൂരത്തിന് വരാൻ പറഞ്ഞത്

200 വർഷം മുൻപ് ശകതൻ തമ്പുരാൻ തുടങ്ങി വെച്ച തൃശ്ശൂർ പൂരം
ആറാട്ടുപുഴ ക്ഷേത്രത്തിലെ ദേവസംഗമത്തിന് 1796 ൽ
ഉണ്ടായ പ്രകൃതി ദുരന്തത്തിൽ തൃശ്ശൂർ ഭാഗത്തെ ചില ക്ഷേത്രങ്ങൾ പങ്കെടുക്കുവാൻ കഴിഞ്ഞില്ല. ആ ഭാഗത്തെ ക്ഷേത്രങ്ങൾക്ക്
ഭ്രഷ്ട കൽപ്പിച്ചു !!

അപ്പോൾ അതിന് പകരമായി വടക്കുംനാഥൻ ക്ഷേത്രത്തിൽ ശക്തൻ തമ്പുരാൻ പാർമേക്കാവ്
തിരുമ്പാടി ക്ഷേത്രങ്ങളെ പങ്കെടുപ്പിച്ചു തുടങ്ങിയ പൂരമാണ് തൃശ്ശൂർ പൂരം
എന്നാണ് പറയപ്പെടുന്നത്

[ ഇതിൽ എതെങ്കിലും കുറവുകൾ കൂടുതലോ ഉണ്ടെങ്കിൽ തിരുത്താം ] '

പാർമേക്കാവിൻ്റ തിടമ്പ് ഏറ്റുന്ന ആന ഏതാണ്?

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ  പാർമേക്കാവിൻ്റെ തിടമ്പ് എറ്റുന്നത് വർഷങ്ങളായി
ഈ ആനയാണ്
എൻ്റെ മകളുടെ ചോദ്യത്തിനു മറുപടി നൽകി ഞങ്ങൾ റൗണ്ടിലേക്ക് പോകുന്നതായി നടന്നു നീങ്ങി

3 വർഷം മുൻപ് ഞങ്ങൾ ഇതേപ്പോലെ പൂരത്തിന് വന്നിരുന്നു അന്ന് സമാപന സമയത്ത് ഈ ആന ആക്രമാസകതമായി. നിരവധി പേർക്ക് പരിക്ക് പറ്റി.
 വെള്ളം വാങ്ങി മരത്തിൻ്റെ തണലിൽ നിൽക്കുന്ന എല്ലാവരും ഞാൻ പറയുന്നത് അവർ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു

കാരണം അന്ന് ഞാനും ഭാര്യയും കുട്ടികളും പൂരം കാണാൻ വന്നിരുന്നല്ലോ?
അന്ന് ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ സമയത്തല്ലെ  ഭീതി പുലർത്തുന്ന സംഭവം നടന്നത്

തിരുമ്പാടി യുടെ തിടമ്പ് എറ്റുന്നത്  എത് ആനയാണ്?
ചേട്ടൻ ആകാംക്ഷയോടെ ചോദിച്ചു
 തിരുവാമ്പാടി ശിവസുന്ദരൻ എന്ന നാടൻ ആനയാണ് [ ഇപ്പോൾ ആ ആന ചരിഞ്ഞു ]
ആമ്പല്ലൂരിലുള്ള പൂക്കോടൻ ഫ്രാൻസീസ് എന്ന ആളുടെ പൂക്കോടൻ ശിവൻ എന്ന ലക്ഷണം ഒത്ത നാടൻ ആനയെ
ഒരു പ്രവാസി വ്യവസായി
മോഹവിലക്ക് വാങ്ങി നടയിരുത്തിയ ആന യാണ് ശിവസുന്ദരൻ
തിരുവമ്പാടി ചന്ദ്രശേഖരൻ എന്ന ചരിഞ്ഞപ്പോൾ ലക്ഷണമൊത്ത ആനയെ തേടി തിരുവാമ്പാടി ദേവസ്വം
അവസാനം കണ്ടെത്തിയ ആനയാണ് പൂക്കോട് ശിവൻ
ഫ്രാൻസീസ് ചേട്ടൻ്റെ വീട്ടലെ ഒരംഗം പോലെയാണ് ഈ ആന

ആനയെ ചോദിച്ചു വാങ്ങാൻ വന്നവരോട് കച്ചവടം മുടങ്ങാൻ  അന്നത്തെ ആനകളുടെ വിലയുടെ 4 ഇരട്ടി പറഞ്ഞു
പക്ഷെ തിരുവാമ്പാടിക്കാർ പറഞ്ഞ വില കൊടുത്തു വാങ്ങാൻ വന്നപ്പോൾ ആദ്യം കൊടുത്തില്ല 
അവസാനം   പൂരത്തിൻ്റെ പ്രശസ്തി പറഞ്ഞ് മനസ്സിലാക്കി അവരെ സമ്മതിപ്പിച്ചു
കണ്ണീരോട് കൂടി ആനയെ ദേവസ്വത്തിന് കൈമാറി 

തൃശ്ശൂർ പൂരത്തിന് എത്ര ആനയുണ്ടാകും ?
ചേട്ടൻ്റെ ചോദ്യം

ഒരു വിഭാഗത്തിന് 15 ആനകൾ വീതം ഉണ്ടാകും
പക്ഷെ ഇരട്ടി ആനകളെ
ഓരോ ദേവസ്വം  റിസർവ പോലെ അവരുടെ പറമ്പുകളിൽ നിറുത്തിയിട്ടുണ്ടാകും

ആനചമയം എവിടെയാണ് പ്രദർശിപ്പിക്കാറുള്ളത്  പത്രത്തിൽ വായിക്കാറുണ്ട് ?
 ചേട്ടൻ്റെ ചോദ്യം

തിരുവമ്പാടി യുടെ ആന ചമയം CMS സ്കൂളിലും

പാർമേക്കാവിൻ്റെ അവരുടെ ഹാളിൽ
പൂരത്തിന് 2 ദിവസം മുൻപ്  പ്രദർശിപ്പിക്കും
അത് ഫ്രീ ആയി കാണാൻ പറ്റും

തൃശ്ശൂർ പൂരത്തിൻ്റെ കൂടെ മറ്റു ദേശക്കാരുടെ പൂരങ്ങൾ കൂടി ഉണ്ടാകും
എൻ്റെ പരിമിധമായ അറിവ് ഞാൻ ചേട്ടൻമാരുടെ കുടുംബങ്ങൾക്ക് പങ്കുവെച്ചു

വടക്കുംനാഥൻ അമ്പലത്തിൻ്റെ വടക്കേ ഗോപുരനടയിൽ പോയി കൊക്കർണി മൂലയിൽ ആനകളെ തളച്ചിരിക്കുന്ന ആനകളെ കണ്ട് വടക്കുംനാഥൻ്റെ ക്ഷേത്രത്തിൻ്റെ വടക്കെ ഗോപുരവാതിൽ കൂടി
ക്ഷേത്ര കോമ്പൗണ്ടിൽ കയറി !!

 *ഇലഞ്ഞിതറ* *മേളം* നടക്കുന്ന *ഇലഞ്ഞിതറ* ഞാൻ കാണിച്ചു കൊടുത്തു
ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വാദ്യമേളയാണല്ലോ [ ഓർകസ്ട്ര ] *ഇലഞ്ഞിതറ* *മേളം* 

കേരളത്തിലെ മികച്ച വാദ്യ കലാകരൻമാരുടെ സംഗമം ആണ് ഇത്
നമ്മുക്ക് അറിയാവുന്ന വാദ്യകലാകാരൻമാർ 
മറ്റുരക്കുന്ന പ്രശസ്തമായ വേദി

 ഞങ്ങൾ വിശാലമായ  സ്ഥലത്ത് ഒഴിഞ്ഞു കിടന്ന മരത്തിൻ്റെ തറയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് രണ്ട് സായ്പ മാർ ഇരിക്കുന്നുണ്ടായിരുന്നു
അവർ ഫ്രാൻസിൽ നിന്ന് പൂരം കാണാൻ വന്നവരാണെന്ന് അവരോട് ചോദിച്ചപ്പോൾ മനസ്സിലായി!!

ഈ ഗോപുരവാതിൽ    കൂടിയാണ്
പ്രശ്സതമായ കുടമാറ്റം നടക്കുന്നതിന് മുൻപ രണ്ട് വിഭാഗം ഇലഞ്ഞി തറമേളം കഴിഞ്ഞ് പുറത്തേയ്ക്ക ഇറങ്ങുന്നത്
[ തെക്കോട്ടുള്ള ഇറക്കം ]
 *തെക്കെ* *ഗോപുരവാതിൽ* കാണിച്ച്  കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു

രണ്ട് വിഭാഗവും മതസരിച്ച ഉയർത്തുന്ന വർണ്ണ കാഴ്ച
കുടമാറ്റം !!
ആസ്വാദ മനസ്സുകളെ സന്തോഷിപ്പിക്കുന്ന
നൂറുകണക്കിന് കുടങ്ങൾ പുറത്ത് എടുക്കുന്ന ഒരു ചെറിയ ആരോഗ്യകരമായ മതസരം !!

പൂരത്തിൻ്റെ സമാപനത്തിൻ്റെ  വെടിക്കെട്ട് ഞങ്ങൾ മിഥുല ഹോട്ടലിൻ്റെ അടുത്ത് നിന്ന് സൗകര്യമായി കണ്ടിരുന്നുവല്ലോ !!

പൂരത്തിൻ്റെ വെടിക്കെട്ട് ഇതിയും കൂടുതൽ ഉണ്ടാവും അല്ലേ?
സമാപനത്തിൻ്റെ വെടിക്കെട്ട് കണ്ട് കഴിഞ്ഞപ്പോർ ചേട്ടൻ്റെ ചോദ്യം

പിന്നെ അല്ലാതെ
പൂരത്തിന് മുൻപ്

 സാമ്പിൽ വെടിക്കെട്ട് ഉണ്ടാകും
പിന്നെ പൂരത്തിൻ്റെ അന്നു്
[ പുലർച്ചെ ]
നടക്കുന്ന രണ്ട് ടീമിൻ്റെയും ഭയങ്കര വെടിക്കെട്ട് മതസരം തന്നെ ഉണ്ടായിരിക്കും

തിരുവാമ്പാടിയുടെയും
പാർ മേക്കാവിൻ്റെയും പൂരകഞ്ഞി ഉണ്ടല്ലെ?.
ചേട്ടൻ്റെ ചോദ്യം '

അതെ ചേട്ടാ പതിനായിരക്കണക്കിന് ആളുകൾ ഈ 
പൂര കഞ്ഞി കുടിക്കുന്നു
ഞാൻ പറഞ്ഞു

പൂരകഞ്ഞി കുടിക്കാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിഞ്ഞില്ല
കാരണം പൂരം എക്സിബിഷൻ കാണാൻ കയറിയല്ലോ

എക്സിബിഷൻ കഴിഞ്ഞ്
പുറത്ത് ഇറങ്ങിയ ശേഷം
ഭക്ഷണം കഴിച്ച് അവരെ ഞങ്ങൾ  യാത്രയാക്കി

ok പിന്നെ കാണാം
അവർ ഞങ്ങളോട് യാത്ര പറഞ്ഞ് അവർ ബസ്സിൽ കയറി

ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന
 ഓർകസ്ട്ര - ഇലഞ്ഞിതറമേളം !!

മികച്ച ആനങ്ങൾ
ആന ചമയങ്ങൾ !!
 വലിയ മൈതാനത്തിന്
ലക്ഷക്കണക്കിന് ആളെ ഉൾകൊള്ളാൻ കഴിയും !!

സ്വരാജ് റൗണ്ട് നിമിഷങ്ങൾക്കുള്ളിൽ ആളുകൾക്ക് വരാനും പോകാനും പറ്റും !!
ഇത് തന്നെയാണ് നമ്മുടെ പൂരത്തിൻ്റെ മഹിമ


അടുത്ത വർഷം നമ്മുക്ക് ഈ കാഴ്ചകൾ ആസ്വദിച്ചു കാണാം എന്ന വിശ്വാസത്തോടെ

🤝🤝🤝

സുരേഷ് കുമാർ
================================