Thursday, April 9, 2020

CREATIVE COVID DAYS

കൊറോണക്കാലത്തെ സർഗ്ഗാത്മക ദിനങ്ങൾ !!!

നേതാജി ബാലവേദി, യുവത, വനിതാവേദി അംഗങ്ങളുടെ
കൊറോണക്കാലത്തെ കലാസൃഷ്ടികൾ, സർഗ്ഗാത്മക ദിനങ്ങൾ.

(ചിത്രരചന : ശ്രീക്കുട്ടൻ)

ലോക്ക് ഡൌൺ ആയ കാരണം, നേതാജി വായനശാലയിലെ അംഗങ്ങൾ എല്ലാവരും വീടുകളിൽ ചുമ്മാ ഇരിക്കുകയാണല്ലോ.
ചില നേരംപോക്കുകൾ ഇവിടെ പോസ്റ്റുന്നു.
ഇതിൽ കലയും കളിയും കാര്യവും ഉണ്ട്.
ഏവരും ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊറോണ കാലം കഴിയുമ്പോൾ ഇതെല്ലാം ചേർത്തു
ഒരു  DIGITAL EXHIBITION നടത്താം നമുക്ക്.

- സെക്രട്ടറി (9847956600)
-----------------------------------------------------------------------
  • നന്ദന പ്രിയൻ (Wall Painting)

 



-----------------------------------------------------------------------
  • ശ്രീക്കുട്ടൻ (Shyam R Chandran)          
  • ഇവനാണ് ഞങ്ങ പറഞ്ഞ നടൻ :)






-----------------------------------------------------------------------
  • വിഷ്ണു കെ പാർവ്വതി
ഒരു ലോക്ക് ഡൗൺ ചിന്ത

പതിവായി വീട്ടിൽ നിന്നും രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങുമ്പോൾ വാതിൽ പടിയിൽ അമ്മ നിൽക്കുന്നുണ്ടാവും  നിറപുഞ്ചിരിയോടെ  !!' നിനക്ക് കുറച് നേരത്തെ ഇറങ്ങിക്കൂടെ ഈ വെയിലാവാൻ കാത്തു നിൽക്കണോ ' എന്നുള്ള സ്ഥിരം ചോദ്യത്തിന് പതിവായുള്ള ഉത്തരം ഇങ്ങനെ ആയിരുന്നു !!നിങ്ങൾക്കൊക്കെ സുഖമല്ലേ !!വെയിലോ ചൂടോ മഴയോ പൊടിയോ ഒന്നും കൊള്ളണ്ട , ഫാൻ ഉം ഇട്ട് ടീവീ യും കണ്ടു സുഖമായി ഇരിക്കാമല്ലോ !ആരോട് പറയാൻ !!
ഇതുകേട്ടിട്ടും പ്രത്യേകിച്ച് മറുപടിയൊന്നും നൽകാതെ അതേടാ മോനെ ,അമ്മക്കു ഭയങ്കര സുഖമാണല്ലോ എന്നും പറഞ്ഞു ഒരു ചിരിയാണ് !!
മെഡിക്കൽ റെപ് ആയ ഞാൻ വൈകിട്ട് വർക്കും കഴിഞ്ഞു പതിവ് പോലെ ഷീണിതനായി വീട്ടിൽ വരുമ്പോൾ ആ പുഞ്ചിരിച്ച മുഖം കാണുമ്പോഴാണ് ഷീണം മാറുക !!ശേഷം കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ (അതിപ്പോ എത്ര വൈകിയാലും ഒരുമിച്ചേ കഴിക്കു ) , വീണ്ടും അതെ പ്രസ്താവനയാണ് എന്റെ വായിൽ നിന്നും വരിക ,അമ്മയുടെ ഒക്കെ ഭാഗ്യം ,രാവിലെ മുതൽ സ്വന്തം വീട്ടിൽ ! മുന്ജന്മ സുകൃതം !!😊

അങ്ങനെ പോയികൊണ്ടിരിക്കുമ്പോഴാണ് covid 19!! അതാ അവൻ കടന്നു വരുന്നു !സംഭവം ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും കമ്പനി തന്ന വർക്ക് ഫ്രം ഹോം ഇൽ ഞാനും സന്തോഷിച്ചു !!വീട്ടിൽ ഇരിക്കാമല്ലോ 😁. ആദ്യത്തെ 4ദിവസം കുഴപാപമില്ലാതെ തള്ളി നീക്കി !!പിന്നെ  കരുതി ഈ ഫോൺ പിടിച് കളിച്ചിരിക്കുന്ന  നേരം അമ്മയെ സഹായിക്കാമെന്ന് !!അങ്ങനെ പലവിധത്തിലുള്ള ചെറിയ സഹായങ്ങൾ തുടങ്ങി .ഹാൾ അടിച്ചുവാരി അടുക്കളയിലേക്കു കടന്നപ്പോഴാണ് നട്ടെല്ലിനൊരു വിങ്ങൽ പോലെ !!അമ്മയോട് പറഞ്ഞപ്പോൾ നൈസ് ആയിട്ടൊരു ചിരി !!തുടക്കാനുള്ള കോലും ബക്കറ്റും ഇപ്പൊ കൊണ്ടുവരാമെന്നു 'അമ്മ ,അത് വേണ്ടാ ഒരു വീഡിയോ കോൺഫെറൻസ് ഉണ്ട് ,അത്യാവശ്യമായി റൂമിൽ കേറണമെന്നു ഞാൻ (സൈക്കോളജിക്കൽ  മൂവ് ).റൂമിൽ വന്നു കിടന്നു ഒരുനിമിഷം ആലോചിച്ചു !ഇതൊന്നും അത്ര എളുപ്പമല്ലലെ 😁
ദിവസം കടന്നു പോയി , എന്നും വർക്കിന്റെ ഇടയിൽ ഒരുപാട് ഡോക്ടർസും സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഞാൻ ഇപ്പൊ സംസാരിക്കാൻ അധികം ആരും ഇല്ലാത്ത അവസ്ഥയായി !!സത്യം പറഞ്ഞാൽ ഫോണിനോട് പോലും മടുപ്പ്  തോന്നിയ നിമിഷം .ഒരു നേരം ഭക്ഷണം കിട്ടീട്ടില്ലേലും കുഴപ്പം ഇല്ല ..പക്ഷെ എത്രനാൾ ഇങ്ങനെ പുറത്തിറങ്ങാതെ ആരോടും മിണ്ടാതെ കഴിച്ചുകൂട്ടും !!ഹോ ഈ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെയെല്ലാം സമ്മതിക്കണം ,വീടിനകത്തു ഞാനും അനിയനും വർക്ക് ന് പോയാൽ ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ,നിസ്സാരകാര്യമായി ഇപ്പോൾ തോന്നുന്നില്ല !!വീട്ടിലേ എല്ലാ പണിയും ചെയ്താൽ വൈകിട്ട് ഞാൻ പറയുന്ന പരാതികൾ പോലെ ഇങ്ങോട്ടു പരാതികൾ ഇല്ല  !! നമിച്ചു പോകും !!
ലോക്ക് ഡൗൺ തന്ന വലിയ തിരിച്ചറിവാണിത് !!ഇനിയുള്ള കാലമെങ്കിലും ഒന്നും ചെയ്യാൻപറ്റിയില്ലെങ്കിലും വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ ഇങ്ങനെ പുച്ഛിക്കരുത്  എന്ന തിരിച്ചറിവ് .എനിക്ക് മാസം അവസാനം ശമ്പളം എങ്കിലും കിട്ടുന്നുണ്ട് ,അവരുടെ കാര്യം അങ്ങനെയല്ലല്ലോ ,അതുകൊണ്ടു അമ്മയുടെ ജോലിയെ നിസ്സാരവൽക്കരിക്കുന്ന വർത്തമാനം ഇതോടെ നിർത്തി .🖤ഒപ്പം അവരോടു സംസാരിക്കാനും സമയം കണ്ടെത്തണം .

(റെസ്‌പെക്ട് all വീട്ടിലിരിക്കുന്ന ,അല്ല വെറുതെയിരിക്കാൻ സമയം കിട്ടാത്ത 'അമ്മ ,പെങ്ങൾ ,ഭാര്യ 😁😁)

                        വിഷ്ണു കെ പാർവതി
                               ഒപ്പ് 😛
-----------------------------------------------------------------------
  • കൃഷ്‌ണേന്ദു. പി


-----------------------------------------------------------------------
  •  അവിനാ വിജയ് & അയന വിജയ്
 

 

 

-----------------------------------------------------------------------

  • Dr. Aleisha Anne Jawahar

നാം അതിജീവിക്കും

ലോകമെബാടും മരണം വിതച്ച് covid മഹാമാരി മുന്നേറുമ്പോഴും പല വികസിത രാജ്യങ്ങളും മുട്ടുമടക്കുമ്പോഴും
ഇൗ പ്രതിസന്ധിയെ ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയും നേരിടുകയാണ് നമ്മുടെ കൊച്ചു കേരളം.
ഇതിനായി ദിനരാത്രo നെടുംതൂണായി പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർ ക്കും,സർക്കരിനോടും,ഉദ്യോഗസ്ഥരോട്ും നാം കടപെട്ടവരായിരികും . അതിലും ഉപരിയായി നാം ഓരോരുത്തരുടെയും പങ്കാളിത്തമാണ് ഈ വ്യാധിയെ സമൂഹ വ്യാപനത്തിൽ നിന്നു തടയാൻ ഇതുവരെ സഹായിച്ചത്. അതെ, ഏറെ പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും നിങ്ങളിൽ ഓരോരത്തരും വീടുകളിൽ തന്നെ തങ്ങുവാനും, സാമൂഹിക അകലം പാലിക്കുവാനുമായി എടുത്ത മുൻകൈ ആണ് നമ്മളെ ചെറുത്തു നിൽക്കാൻ സഹായിക്കുന്നത്. പലരും ദൈന്യംദിന തൊഴിലാളികളും ചെറുകിട വ്യവസായികളും അയിരിന്നിട്ടുപോലും അതെല്ലാം മാറ്റിവെച്ച് പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങി,ഇതിനെ ഒറ്റകെട്ടായി നേരിടുന്നു. നിങ്ങളുടെ ഈ പങ്കാളിത്തം എക്കാലവും പ്രശംസവഹമായിരികും.

വീടുകളിൽ ഒതുങ്ങി കഴിയുന്നത് പലരിലും മാനസിക സമ്മർദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാൽ,ഈ ഒരു സമയത്തെ നമുക്ക് വളരെ പോസിറ്റീവ് ആയി മാറ്റം. പലപ്പോഴായി "ഇതിനൊക്കെ എവിടെ സമയം", "കുറച്ചു സമയം വെറുതെ ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ ചെയ്യാമായിരുന്നു " എന്നൊക്കെ പറഞ്ഞു നാം മാറ്റിവെച്ച പലകാര്യങ്ങളും ,ഉറങ്ങി കിടന്നിരുന്ന കഴിവുകളും പുറത്ത് കൊണ്ടുവരാനായി പ്രയോജനപ്പെടുത്താം.

ഇൗ അവസരത്തിൽ സ്വയം ചികിത്സ കണ്ടെത്തുന്നവരും നിരീക്ഷണ ചുമതല ഏറ്റെടുക്കുന്നവരും ദയവായി ഇതിനായി ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞരെ യും നിയമപാലകരെയും തൊഴിലില്ലായ്മക്കു വിട്ടുകൊടുക്കരുത്. ഇതിലെല്ലാം ഉപരിയായി നമുക്ക് ചെയ്യാൻ
കാര്യങ്ങൾ ഏറെയാണ്. വീടുകളിൽ തന്നെയിരുന്നു കൊണ്ട് എങ്ങനെ നാടിനെ ഇൗ വിപത്തിൽ നിന്നു രക്ഷിക്കാം

നാം ചെയ്യേണ്ടത്:
1. വ്യക്തി ശുചിത്വവും, ഇടയ്ക്കിടെ കൈകൾ കഴുകുന്നതും
ഇതിനോടകം നാം ശീലമാക്കിയിരിക്കുമല്ലോ.
2. സാമൂഹിക അകലം പാലിക്കുവാനായി നിർദ്ദേശിക്കപ്പെട്ട ലോക്ഡൗണിനോടു സഹകരിക്കുക. ഇതിലൂടെ നാം ഓരോരുത്തരും കൊറോണയെ ചെറുക്കുന്ന യോദ്ധാക്കൾ ആവുകയാണ്.
3. 65 നു മുകളിൽ പ്രായമായവരെ ശ്രദ്ധാപൂർവം പരിരക്ഷിക്കുക.അവർ പുറത്ത് പോകാതെ നോക്കുക.
4. സ്ഥിരമായി ഷുഗർ, പ്രഷർ, ഹൃദ്രോഗങ്ങൾ മുതലായവയ്ക്ക് മരുന്നുകൾ കഴിക്കുന്നവർ അത് മുടക്കരുത്. ഫോളോഅപ്പിന് സമയമായെങ്കിലോ സംശയങ്ങൾ ഉണ്ടെങ്കിലോ ചികിത്സിക്കുന്ന ഡോക്ടറെ ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.ഡോക്ടറെ ഫോണിലൂടെ ബന്ധപ്പെട്ട് ചികിത്സ തേടുന്നത് (ടെലി മെഡിസിൻ) മിക്ക ആരോഗ്യ സ്ഥാപനങ്ങളും ഡോക്ടർമാരും പ്രാവർത്തികമാക്കിയിട്ടുണ്ട്.
5. പനി, ചുമ, തൊണ്ടവേദന, തലവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനെ തന്നെ അധികൃതരുമായി ബന്ധപെടുവനും ചികിത്സ സഹായം നേടുവാനും ശ്രദ്ധിക്കണം.പലരും ഭയം മൂലം പുറത്ത് പറയാൻ മടികുന്നവരുണ്ട്. ഇതിൽ ഒരിക്കലും മടി വിചാരിക്കരുത്,കാരണം ഇതിലൂടെ നമ്മളെയും കുടുംബത്തിന്റെയും മാത്രമല്ല ഒരു നാടിനെ തന്നെ സംരക്ഷിക്കാൻ നിങ്ങൾക്കാകും.
6. അന്യ സ്ഥലങ്ങളിൽ നിന്നു വന്നവരും രോഗികളുമായി ഇടപഴകിയവരും നിർദ്ദിഷ്ട സമയം വീടുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം.
7. വ്യാജവാർത്തകളും,സ്വയ ചികിത്സകളും കൊറോണ ക്കായി ഒറ്റമൂലികളും ഇന്ന്‌ ഫേസ്ബുക്കിലും യൂട്യൂബിലും സുലഭമാണ്, ഇവയിൽ വീഴാതിരിക്കുക. ദയവായി ശാസ്ത്രീയ അടിത്തറയുള്ളതും അംഗിക്രതമായ വാർത്തകളെ മാത്രം വിശ്വസിക്കുക.
8. മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും ഒഴിവാക്കാനായി പുസ്തകവായന, ലഘു വ്യയാമങ്ങൾ, പാചകം,വീട്ടുകാരുമൊത്ത് വിവിധ കളികൾ, സിനിമ കാണൽ, സംഗീത ആസ്വാദനം എന്നിവയിൽ ഏർപ്പെടാം.മാനസികവും കുടുംബ ബന്ധങ്ങളുടെ ദൃഢതയുടെ വളർച്ചയ്ക്കും ഇൗ കാലഘട്ടത്തെ പ്രയോജനപ്പെടുത്താം. ഒരിക്കലും നമുക്ക് തിരിച്ചു കിട്ടാത്ത സുവർണ നിമിഷങ്ങളാണിത്.
9. പലരിലും മറഞ്ഞു കിടന്നിരുന്നതും സമയപരിമിധി മൂലം കഴിയാതെ പോയതുമായ വിവിധ കഴിവുകൾ പരിപോഷിപ്പിക്കാൻ ഇതിലും പറ്റിയൊരു അവസരമില്ല.
10. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് മനോധൈര്യതോടെ വ്യക്തമായ പ്ലാനിങ്ങോടും നേരിടാൻ തയ്യാറെടുക്കുക.
11. മാനുഷിക ഇടപെടൽ കുറഞ്ഞത് മൂലം പ്രകൃതിയും സുഖം പ്രാപിക്കുക യാണ്.നമ്മൾ മറ്റൊരു വ്യക്തിയെ സഹായിക്കുനതിനോപ്പം നമ്മളെ ആശ്രയിക്കുന്ന മറ്റു ജീവജാലങ്ങളെയും കൂടെ ഓർക്കുക,സഹായിക്കുക.
12. എല്ലാവരും വീടുകളിൽ ആയിരിക്കുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക.ഭക്ഷ്യ വിഭവങ്ങളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കുക.
രോഗവ്യാപനo തടയുന്നതിനായി ഏർപെടുത്തിയ നിയന്ത്രണങ്ങളും,ആരോഗ്യ പ്രവർത്തകരും ,നിയമപാലകരും, അവശ്യ സേവനദാതാകളുടെ അഹോരാത്ര പ്രയത്നങ്ങളും ഇന്നു നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ തന്നെ മാതൃകയാക്കുമ്പോൾ,അതിനെ പിന്തുണയ്ക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവുമാണ്. ഒറ്റകെട്ടയി കൈ കോർത്തുകൊണ്ട് പ്രളയത്തെ നേരിട്ടത്തുപോലെ ,നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ടു വന്നതുപോലെ,ഇൗ പ്രതിസന്ധിഘട്ടത്തിൽ നമുക്ക് മനസ്സാലെ ഒന്ന് ചേർന്നും ധൈര്യംപകർന്നും സാമൂഹികമായി അകലം പാലിച്ചും മുന്നേറാം.
ഇൗ കാലവും കടന്നുപോകും,നല്ലൊരു നാളെയ്ക്കായി താത്കാലികമായ ഈ പ്രതിസന്ധിയെ നമുക്ക് പ്രതിജ്ഞബദ്ധതയോടെ ഒറ്റകെട്ടായി അതിജീവിക്കാം.

#breakthechain
#stayhome
#staysafe.

---------------------------------------------------------------
  • വിപുട്ടന്റെ കൃഷി

 

 

 







-----------------------------------------------------------------------

  • TikTok by Laalu & Team


-----------------------------------------------------------------------

  • Suraj Surendran (ഓർമ്മക്കുറിപ്പ്)

കടന്നു വന്നതും നടന്നു തീർത്തതുമായ വഴികളിൽ ഒരു മറവിക്കും മുറിവേല്പിക്കാനാകാതെ എല്ലാവരുടെയും മനസ്സിൽ കിടക്കുന്നുണ്ടാകും പൊടി പിടിച്ചിട്ടും ക്ലാവ് പടർന്നിട്ടും ഒന്നു കൈ കൊണ്ടു തടവിയാൽ ഇപ്പോഴും തിളക്കം നഷ്ടപ്പെടാത്ത ഒരുപാടു  ഓർമ്മകൾ... ഒരുപാട് മികച്ചതോ വളരെ മോശമോ ആയിരുന്നില്ലെങ്കിലും വിദ്യാഭ്യാസക്കാര്യത്തിൽ ഒരു ശരാശരി നിലവാരം നിലനിർത്താൻ ഞാനെന്നും ശ്രമിച്ചിരുന്നു... ആ ശ്രമത്തിൻ്റെ ഫലമെന്നോണമായിരിക്കണം അടിസ്ഥാന യോഗ്യതയായ പത്താംതരം അത്ര വലിയ പ്രയാസമൊന്നുമില്ലാതെ ഞാനഗ്രഹിച്ചതു പോലെത്തന്നെ ഫസ്റ്റ് ക്ലാസ്സോടു കൂടി കടന്നു കിട്ടിയത്... അതുവരെയുള്ള പഠനമൊക്കെ അത്തരത്തിൽ ഭേദപ്പെട്ട നിലയിൽ തന്നെയായിരുന്നു എന്നതു കൊണ്ടു മാത്രം വീട്ടുക്കാർക്കൊക്കെ വലിയ സംതൃപ്തിയും സന്തോഷവുമായിരുന്നു എൻ്റെ കാര്യത്തിൽ... അതിലെൻ്റെ കൂടപ്പിറപ്പുകളേക്കാളേറെ, കൂടുതൽ സന്തോഷിച്ചിരുന്നതും എൻ്റെ അച്ഛനും അമ്മയും തന്നെയായിരുന്നു...
അടുത്തറിയാൻ ശ്രമിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, നമ്മൾ കരുതും പോലെ നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത തരത്തിലുള്ള കാര്യങ്ങളൊന്നുമായിരിക്കില്ല നമ്മുടെ അച്ഛനമ്മമാരെ സന്തോഷിപ്പിക്കുന്നത്... പകരം നമ്മെ കൊണ്ടു ചെയ്യാൻ കഴിയുമെന്നുറപ്പുള്ള ഇത്തരത്തിലുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ തന്നെയായിരിക്കും...

അച്ഛനും അമ്മയ്ക്കും അത്രയേറെ ഉയർന്ന യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും മറ്റുള്ളവർക്ക് മുന്നിൽ അച്ഛനേയോ അമ്മയേയോ പരിചയപ്പെടുത്താൻ എനിക്കു യാതൊരു വിധത്തിലുള്ള നാണക്കേടോ അതൊരു മോശപ്പെട്ട അവസ്ഥയായോ ഇന്നു വരെ തോന്നിയിട്ടില്ല... അവരുടെ അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ പോരായ്മ നല്ലവണ്ണം സ്വയം മനസ്സിലാക്കിയിട്ടു തന്നെയായിരിയ്ക്കണം, അക്കാലത്തെ ഏതൊരു മാതാപിതാക്കളെപ്പോലെയും, ഞങ്ങൾ മൂന്നു മക്കളെയും നല്ല രീതിയിൽ, ഞങ്ങൾക്കാഗ്രഹമുള്ള അവർക്കാവുന്ന കാലത്തോളം പഠിപ്പിക്കാൻ അവർ നന്നായി അദ്ധ്വാനിച്ചിരുന്നു... ഒരു കള്ളുഷാപ്പിൽ ജോലിക്കാരനായ അച്ഛൻ രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം ഒമ്പതരയ്ക്ക് തിരിച്ചെത്തും വരെ അദ്ധ്വാനിച്ചു തളർന്നപ്പോൾ, നേരത്തിനും കാലത്തിനും ഞങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കി വച്ച് ഞങ്ങളെ പഠിക്കാനയ്ക്കാൻ അമ്മയും കൃത്യത പുലർത്തിയിരുന്നു... അതിനു ശേഷമായിരുന്നു അമ്മയുടെ മറ്റുള്ള വീട്ടുപണികൾ... ഓർമ്മകളിൽ ഞാൻ ചാലക്കുടി ഐ.ടി.ഐ.യിൽ പഠിക്കുന്ന കാലത്ത് രണ്ടാം വർഷം പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങാൻ നാലരയ്ക്ക് ഉറക്കത്തിൽ നിന്നുമുണരുന്ന എനിക്ക് ഒരു ദിവസത്തേയ്ക്കു വേണ്ടി കൊണ്ടു പോകാനുള്ള ചോറും കറിയുമെല്ലാം തയ്യാറാക്കുന്ന പരിപാടികൾ മൂന്നരയ്ക്ക് എഴുന്നേറ്റ് കൃത്യമായി നിർവ്വഹിച്ചിരുന്നു എന്നതോർക്കുമ്പോൾ മനസ്സിലിപ്പോഴും നീറ്റുക്കക്ക വെള്ളത്തിലിട്ട അവസ്ഥയാണ്.
അമ്മമാരുടെ ഒട്ടുമിക്ക കാര്യങ്ങളുമൊക്കെ ഇങ്ങനെയൊക്കെത്തന്നെയാണ്... നമ്മളറിഞ്ഞു ചെയ്യാത്ത കാലത്തോളം അവരറിയിക്കാതെ ചെയ്തു കൊണ്ടേയിരിയ്ക്കും...

ഒരു സൈക്കിൾ, വീട്ടിലൊരു ടെലിവിഷൻ ഇവയൊക്കെ മറ്റേതൊരു കുട്ടിയെപ്പോലെയും കുഞ്ഞുന്നാളിലെ എൻ്റെയും സ്വപ്നമായിരുന്നു... അന്നത് വാങ്ങിത്തരാനുള്ള കഴിവുണ്ടായിട്ടും അച്ഛനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ "പത്താം ക്ലാസ്സ് കഴിയട്ടെ, എന്നിട്ട് വാങ്ങിത്തരാം" എന്നുള്ള സ്ഥിരം മറുപടിയിലും സ്ഥിരം പുഞ്ചിരിയിലുമൊതുക്കി അച്ഛൻ കൃത്യമായി ഒഴിഞ്ഞു മാറുമായിരുന്നു... എന്തിനു വേണ്ടിയായിരുന്നു അന്ന് അച്ഛൻ അങ്ങനെ ചെയ്തിരുന്നത് എന്നോർത്ത് അച്ഛനോട് കുറച്ചു നീരസവും ദേഷ്യവും കൂടെ സ്വയം സങ്കടമൊക്കെ തോന്നുമായിരുന്നുവെങ്കിലും പിന്നീട് അച്ഛനായിരുന്നു എന്നും ശരിയെന്നു തോന്നിപ്പിക്കുന്ന തരത്തിൽ മറവിയിലേയ്ക്ക് വിട്ടു കൊടുക്കാൻ കഴിയാത്ത ഒരുപാട് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... അതുകൊണ്ടു തന്നെ ഞാനെന്നും ഒരു അച്ഛൻ മോനായാണ് വളർന്നു വന്നത്... അമ്മയേക്കാളേറെ, ഏറെ ഇഷ്ടക്കൂടുതൽ എന്നും അച്ഛനോടു തന്നെയായിരുന്നു...
ഇഷ്ടക്കൂടുതൽ കൊണ്ട് ചില കാര്യങ്ങൾക്ക് വേണ്ടി നിർബന്ധിക്കപ്പെടുമ്പോൾ നീരസം തോന്നുന്നത് സ്വാഭാവികമാണെങ്കിലും ആ ഇഷ്ടക്കൂടുതൽ തിരിച്ചറിയാനുള്ള പക്വത വരുമ്പോഴേയ്ക്കും ഒരുപക്ഷേ അവർ അവരുടെ ഇഷ്ടങ്ങളൊക്കെ വിട്ട് ഇഷ്ടപ്പെട്ടവരുടെ കൂടെ യാത്രയായിക്കാണും...

പത്താം തരാം കഴിഞ്ഞു എനിക്കു സീറ്റു കിട്ടിയത് തൃശ്ശൂർ ആകാശവാണി നിലയത്തിന് എതിരേയുള്ള രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു... മുതിർന്ന ഒരാളായെന്നെ തോന്നലോടെയായിരുന്നു അവിടെ നിന്നങ്ങോട്ടുള്ള എൻ്റെ ഓരോ ദിവസവും... അന്നു വരെ പഠിച്ചിരുന്ന വീടിനടുത്തുള്ള ഗുരുവിജയം സ്കൂളിലും അച്ഛൻ്റെ സ്കൂളെന്ന് അറിയപ്പെട്ടിരുന്ന ജെ.പി.ഇ.എച്ച്.എസ്. സ്‌കൂളിലൊക്കെ, അടുത്ത വീട്ടിലെ വിമലും അല്ലെങ്കിൽ അതിനടുത്ത വീട്ടിലെ സിമിയും അതുമല്ലെങ്കിൽ കൂടി വന്നാൽ അഞ്ചു മിനുട്ട് കൊണ്ട് നടന്നെത്താവുന്ന ദൂരത്തുള്ള മറ്റൊരുത്തനോ ഒരുത്തിയോ ആയിരിക്കാം കൂടെ പഠിക്കുന്നവരും ആ സ്‌കൂളിൽ തന്നെ പഠിക്കുന്നവരും... ഇവിടെ കോളേജ് ജീവിതത്തിലേക്ക് കടന്നപ്പോൾ പലയിടത്തു നിന്നും വളരെ അകലെ നിന്നു പോലും ബസ്സ് കയറി വരുന്നവരായിരുന്നു ഭൂരിഭാഗവും കോളേജിലുണ്ടായിരുന്നത്... ഒരു മുൻപരിചയവുമില്ലാത്ത, കാഴ്ചയിലും പെരുമാറ്റത്തിലും വളരെ വ്യത്യസ്തത പുലർത്തിയിരുന്ന ധാരാളം  കൂട്ടുക്കാർ... അടുത്തറിയാവുന്നവർ അടുത്തില്ല എന്നുള്ള എവിടെ നിന്നോ കിട്ടിയ തിരിച്ചറിവു കൊണ്ടു തന്നെ ആസ്വദിക്കാനും അഴിഞ്ഞാടാനും പുതിയൊരു ലോകമായിരുന്നു എന്നെ പോലെയുള്ള, ഗ്രാമങ്ങളിൽ നിന്നു വന്നവർക്കവിടം... എന്തിനേറെ പറയുന്നു, ഞാൻ പോലും അന്തം വിട്ടു നോക്കിക്കാണേണ്ടി വരുന്ന തരത്തിൽ ശരിക്കും ഉഴപ്പി കൈവിട്ടു പോയിരുന്നു ആദ്യ വർഷം മൊത്തം... പഠനത്തിലും മറ്റൊരു കാര്യങ്ങളിലും ശ്രദ്ധയില്ലാതെ കുത്തഴിഞ്ഞ കോളേജ് ജീവിതവുമായി ഒരു വർഷം ഞാൻ പിന്നിട്ടിരുന്നു...
കൈവിട്ടു പോകുന്ന നമ്മുടെ ഗ്രാമങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ചിലതുകളുണ്ട്... ആ ചിലതുകളിലാണ് ഇപ്പോൾ ഏറെയും ചിതലരിക്കുന്നത്...

അത് എത്ര മാത്രം പടർന്നു പന്തലിച്ചിരിക്കുന്നുവെന്നു സ്വയം മനസ്സിലാക്കാൻ എൻ്റെ ആദ്യ വർഷ പരീക്ഷാഫലം വരുന്ന വരെ കാത്തിരിയ്ക്കേണ്ടി വന്നു... അന്നാദ്യമായി ഞാൻ പഠനത്തിലെ തോൽവിയുടെ രുചിയറിഞ്ഞു... അതൊരു തവണയല്ല... നാലു വിഷയങ്ങളിലാണ് ഞാൻ അത്തരത്തിൽ തികച്ചും വ്യത്യസ്തതയാർന്ന രുചിയറിഞ്ഞത്... ഭൂഗോളത്തിൻ്റെ ഓരോ സ്പന്ദനവും കണക്കിലായതു കൊണ്ടായിരിയ്ക്കണം അതെന്നും എനിക്ക് ഇഷ്ട വിഷയമായിരുന്നു... അതിലാണെങ്കിലോ, "ആ എങ്ങനൊക്കെയോ അങ്ങ് കടന്നു കൂടി" എന്നു പറയുമ്പോൾ ബാക്കിയുള്ള വിഷയങ്ങളിലെ എന്റെ പ്രകടനം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കാവുന്നതിനേക്കാൾ എളുപ്പമാണ്... കാര്യം ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ഞാൻ എന്തോ ഒന്നു പതറുക പോലും ചെയ്തില്ല എന്നത് തന്നെയായിരുന്നു അന്നേരത്തെ സത്യവും... മനസ്സിലൊരു തരിമ്പും ഭയമോ ടെൻഷനോ ഇല്ലാതെ ആ നേരവും തള്ളി നീക്കാൻ പോന്ന അത്രയും മാറ്റങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് സംഭവിച്ചു എന്നുള്ളത് എനിക്ക് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ഒരു തിരിച്ചറിവു തന്നെയായിരുന്നു... ഇതൊക്കെ വീട്ടിലറിഞ്ഞാലല്ലേ പ്രശ്നമുള്ളൂ എന്നുള്ള കൂട്ടുക്കാരുടെ മോട്ടിവേഷനിൽ ഒന്നുരണ്ടു ദിവസം കൂടി വീണ്ടും ഉഴപ്പിന്റെ ലോകത്തേക്ക് തിരിച്ചു പോകുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല... അങ്ങനെ മൂന്നാം ദിവസം, അന്നാണ്, ക്ലാസ്സ് ടീച്ചറുടെ ആ ഒരൊറ്റ ഡയലോഗിലാണ് യഥാർത്ഥത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായത്...  കിട്ടിയ പേപ്പേഴ്സ് എല്ലാം ഒപ്പിടീക്കണമെന്ന്... ആ ഒരൊറ്റ ട്വിസ്റ്റ് ആയിരുന്നുവെങ്കിൽ, കിട്ടിയ പേപ്പേഴ്സിലെല്ലാം ഞാൻ തന്നെ കൃതാർത്ഥതയോടെ എൻ്റെ അച്ഛനായി മാറി ഒപ്പിട്ടു കൊണ്ടു വന്ന് സമാധാനമായി രണ്ടാം വർഷവും വളരെ നിസ്സാരമായി ഓടിത്തീർത്തേനെ... ഇതങ്ങനെയൊന്നും തൊണ്ണൂറാം മിനിറ്റിൽ കളി അവസാനിപ്പിക്കാനുള്ള ഉദ്ദേശത്തിലല്ല... കൈയ്യിലിരിയ്ക്കുന്ന വിസ്സിലടിക്കാതെ എക്സ്ട്രാ ടൈമിലേയ്ക്ക് കളി കൊണ്ടു പോകുകയാണ് ക്ലാസ്സ് ടീച്ചർ... അച്ഛനോ അമ്മയോ രണ്ടു ദിവസത്തിനുള്ളിൽ ഇവിടെ വന്നു ടീച്ചറെ കണ്ടു സംസാരിച്ചതിനു ശേഷം ഒപ്പിടണം പോലും... "ഗോൾ..." കളി ഞാൻ തോറ്റു തുടങ്ങിയിരിയ്ക്കുന്നു...
തെറ്റുകൾ ചെയ്തു തുടങ്ങി ഒരു ശീലമായിക്കഴിയുമ്പോൾ നമ്മെ കൂടുതൽ തെറ്റിക്കുന്ന ശരിക്കേടുകളായിരിക്കും നമുക്കന്ന് ഏറ്റവും വലിയ ശരി...

അന്നു ഞാനെൻ്റെ അച്ഛനമ്മമാരുടെ വിദ്യാഭ്യാസക്കുറവ് മുതലെടുക്കുവാൻ മനസ്സിലുറപ്പിച്ചു കൊണ്ടു തന്നെയാണ് കോളേജിൽ നിന്നിറങ്ങിയത്... വീട്ടിൽ ചെന്ന് സിലബസിൽ ഇല്ലാത്തത് മാറി വന്നെന്നോ മറ്റോ പറഞ്ഞു അമ്മയ്ക്ക് മനസ്സിലാകാത്ത തരത്തിൽ എന്തെങ്കിലും പറഞ്ഞൊപ്പിക്കാം എന്നുള്ള ധൈര്യത്തിലാണ് ഞാനന്ന് ബസ്സ് കയറിയത്... പതിവു പോലെ ബസ്സിൽ കയറിയ വിമലാ കോളേജിലെ പെമ്പിള്ളേരെയൊക്കെ കമൻ്റടിച്ചും അതിൽ കൂടുതൽ ആ ബസ്സിൽ ഉണ്ടായിരുന്നവരെയെല്ലാം വെറുപ്പിച്ചും ബസ്സ് സമയത്തിനു തന്നെ തൃശ്ശൂരെത്തി... കൂട്ടുക്കാരെയൊക്കെ പിരിഞ്ഞു വീട്ടിലേയ്ക്കുള്ള ബസ്സ് കയറിയപ്പോൾ മുതൽ എന്തോ മനസ്സിൽ ഒരു വല്ലായ്മ എന്നെ ബാധിച്ചു തുടങ്ങിയിരുന്നു... അച്ഛനേയും അമ്മയേയും നിസ്സാരമായി പറ്റിക്കാമെന്നുള്ള എൻ്റെ ആത്മവിശ്വാസം വീട്ടിലേയ്ക്കുള്ള ഓരോ ബസ്സ്റ്റോപ്പ് അടുക്കും തോറും പതിയെ കൈവിട്ടു പോയിത്തുടങ്ങി... ബസ്സിറങ്ങി വീടിൻ്റെ പടിയെത്തിയപ്പോൾ അതൊരു വീർപ്പുമുട്ടലായി മാറിയെങ്കിൽ, ആ പ്രായത്തിലും കട്ടൻചായയും അവലു നനച്ചതുമായി ഞാൻ വരുന്നതും കാത്തിരിയ്ക്കുന്ന എൻ്റെ അമ്മയെ കണ്ടപ്പോൾ, അതൊരു വലിയ കുറ്റബോധത്തിൻ്റെ പൂർണ്ണത കീഴടക്കി കഴിഞ്ഞിരുന്നു... എങ്കിലും ഒന്നാം വർഷത്തെ പരീക്ഷാ പേപ്പറുകളൊക്കെ കിട്ടിയെന്നും അമ്മ നാളെയോ മറ്റെന്നാളോ അവിടെ വന്നു ഒപ്പിടണം എന്നു മാത്രമേ പേടി കൊണ്ട് ഞാനപ്പോൾ അമ്മയോട് പറഞ്ഞുള്ളു... എന്തു കൊണ്ടോ ഞാൻ തോൽക്കുകയില്ല എന്നൊരു പൂർണ്ണ വിശ്വാസമപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടായിരിക്കണം അമ്മയൊന്നും തിരിച്ചു ചോദിക്കാതിരുന്നത് എന്നുള്ളത് കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ടിരുന്നു... അമ്മ വരാമെന്നു മാത്രം പറഞ്ഞ് മറ്റു പണികളിലേയ്ക്ക് തിരിച്ചു നടന്നു... അന്നു രാത്രി ഞാൻ ഒരുപാട് ഉറക്കം നടിച്ചതിനു ശേഷമായിരിക്കണം ഉറങ്ങിയത്... എത്രയൊക്കെ ധൈര്യവാന്മാർ ആണെന്ന് അഹങ്കരിക്കുന്ന നമ്മൾ ചില സമയങ്ങളിൽ ചില ബന്ധങ്ങൾക്കു മുന്നിൽ കാലുകളുറയ്ക്കാതെ മനസ്സ് പതറാതെ നിൽക്കാൻ പാടു പെടുന്ന ചില സന്ദർഭങ്ങളുണ്ടെന്നും അത്തരമൊരു നിമിഷങ്ങളിലൂടെയാണ് ഞാനപ്പോൾ സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നതെന്നും അന്നാദ്യമായി എനിക്ക് ബോധ്യപ്പെട്ടു...
അറിഞ്ഞു വീണാൽ വീഴ്ചയുടെ ആക്കം കുറയുമെങ്കിലും ചെറിയ തരത്തിലുള്ള പരിക്കുകൾക്കും സാധ്യത കൂടുതലാണെന്നിരിക്കെ, അതിനേക്കാൾ നല്ലതു തന്നെയാണ് കൂടുതൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

മറ്റുള്ള കഴിഞ്ഞു പോയ ദിവസങ്ങളെപ്പോലെ ആയിരുന്നില്ല പിറ്റേന്ന് എനിക്ക്... ആദ്യ ദിവസം തന്നെ ഒപ്പിടാൻ അമ്മ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ക്ലാസ്സിലുണ്ടായിരുന്ന മറ്റുള്ള കൂട്ടുക്കാരുടെ തമാശയിലോ കളികളിലോ ഒന്നിലും എൻ്റെ മനസ്സ് ഉറച്ചു നിന്നില്ല... പരിഭ്രമമൊന്നുമില്ല എന്നു കാണിക്കാനുള്ള പതിവില്ലാത്ത എൻ്റെ മുഖത്തെ പരിഭ്രമം കണ്ടതു കൊണ്ടായിരിക്കണം, മറ്റാരും എന്നെ ഒന്നിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചതുമില്ല... ക്ലാസ്സിലെ ഓരോരുത്തരുടെയും അച്ഛനമ്മമാർ വന്നു പോയി കൊണ്ടേയിരിയ്ക്കുന്നത് ഏറ്റവും പുറകിലെ ബഞ്ചിലിരിയ്ക്കുന്ന എനിക്ക് തൊട്ടു പിന്നിലെ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ കാണാമായിരുന്നു... നൂറ്റമ്പതു മീറ്ററോളം അകലെയുള്ള കോളേജിൻ്റെ പടി വരെ ആ കാഴ്ച വലിയ അവ്യക്തതകളൊന്നുമില്ലാതെ കാണാമായിരുന്നതു കൊണ്ട് എൻ്റെ അമ്മ പടി കടന്നു വരുന്നുണ്ടെങ്കിൽ അതെനിക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു... വന്ന രക്ഷിതാക്കളിൽ പലരും ചിരിച്ച മുഖത്തോടെ ഒറ്റയ്ക്കും, തോറ്റവരുടെ രക്ഷിതാക്കളിൽ ഒട്ടുമിക്കവരും കോളേജിൻ്റെ പടി വരെ അവരുടെ മക്കളാൽ  അനുഗമിക്കപ്പെട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭാവത്തിലും തിരിച്ചു പോയിക്കൊണ്ടിരുന്നു... അത്തരത്തിലുള്ള ആ കാഴ്ച അടുത്ത ഏതൊരു നിമിഷവും എൻ്റേതായിരിക്കുമെന്നും ഉറപ്പിച്ചു കൊണ്ടു തന്നെയാണ് എൻ്റെയിരുപ്പ്... കൂടെ പഠിക്കുന്നവർ സ്റ്റാഫ്‌ റൂമിൽ നിന്നും തിരിച്ചു വരുമ്പോൾ ഏറെക്കുറെ ഇതേ ഭാവങ്ങൾ തന്നെയായിരുന്നു അവരുടെ മുഖത്തും... ജയിച്ചവരെല്ലാം വളരെ സന്തോഷത്തോടെയും തോറ്റവരിൽ ചിലർ വിഷമിച്ചും മറ്റു ചിലർ ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിലും തിരിച്ചു വന്ന് അവരവരുടെ സ്ഥാനങ്ങളിൽ വന്നിരിപ്പു തുടർന്നു... തോറ്റ പെൺകുട്ടികളിൽ ചിലർ അവർക്കും മാത്രം അനുവദിച്ചു കൊടുത്തിട്ടുള്ള സ്വതസിദ്ധമായ ശൈലിയിൽ രണ്ടു കൈകളും ഡെസ്ക്കിനു മുകളിലേയ്ക്ക് കൂട്ടിപ്പിണച്ചു വച്ച് മുഖം അതിലേയ്ക്ക് വച്ച് കമിഴ്ന്നു കിടന്നു... ഉച്ചയ്ക്കുള്ള ബ്രേക്ക് കഴിഞ്ഞിട്ടും എന്റെ വീട്ടിൽ നിന്നും ആരും വരുന്നത് കാണാനില്ലാത്തതിനാൽ എനിക്കാകെ പരിഭ്രമമായി... പണിയെന്തുണ്ടെങ്കിലും അതൊക്കെ ഇവിടെ വന്നു പോയി തിരിച്ച് വീട്ടിലെത്തിയിട്ടെ അമ്മ ചെയ്യൂ എന്നുള്ള ഉറപ്പു തന്നെയായിരുന്നു ആ പരിഭ്രമത്തിനുള്ള കാരണവും... അങ്ങനെ ഇടയ്ക്കിടെ ഞാൻ ക്ലാസ്സിൽ ഇരുന്നു തിരിഞ്ഞു കോളേജിന്റെ ഗേറ്റിലേക്ക് അമ്മ വരുന്നുണ്ടോ എന്നു നോക്കും... കാണാതാകുമ്പോൾ എന്തൊക്കെയോ ഓർത്തു തിരിഞ്ഞിരിക്കും... പിന്നെ വിചാരിക്കും ഞാൻ പുറകിലേയ്ക്കു നോക്കാത്ത സമയത്തു എപ്പോഴെങ്കിലും അമ്മ കയറി പോയിട്ടുണ്ടെങ്കിലോ എന്നൊക്കെ... ഇത്രമാത്രം ശ്രദ്ധ ഞാൻ കഴിഞ്ഞ ഒരു വർഷമായി യാതൊന്നിലും കാണിക്കാറില്ലയിരുന്നു എന്നുള്ളതായിരുന്നു ഇതിലെ വേറിട്ടൊരു സത്യം...
ചെയ്ത കാര്യങ്ങൾ എത്ര വലിയ തെറ്റാണെങ്കിലും തുറന്നു പറയാനുള്ള ധൈര്യമില്ലാത്ത കാലത്തോളം ശരികൾ മാത്രം ചെയ്തു ശീലിക്കുന്ന ഒരു കാലഘട്ടത്തെ തിരഞ്ഞു കണ്ടെത്തി നാമൊക്കെ ഇനിയുമേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു...

സമയം ഏകദേശം രണ്ടര മൂന്നു മണിയോടടുത്തു കാണണം, ഞാൻ തിരിഞ്ഞു  നോക്കിയപ്പോൾ ആ കാഴ്ച കണ്ടു... കോളേജിൻ്റെ പടി കടന്നു ഒരു ക്രീം കളർ ഷർട്ടും വെളുത്ത മുണ്ടുമെടുത്ത് കാലിൽ ചെരുപ്പിടാതെ ഒരാൾ കയറി വരുന്നു... എന്റെ കണ്ണിലാകെ ഇരുട്ടു കയറി എൻ്റെ കാഴ്ച മങ്ങി... അച്ഛൻ... ഉറപ്പു വരുത്താനായി ഞാനൊന്നു കൂടി സൂക്ഷിച്ചു നോക്കി... അതെൻ്റെ അച്ഛൻ തന്നെയാണെന്നുള്ള സത്യം വീണ്ടുമെൻ്റെ കാഴ്ചകൾക്ക് മങ്ങലേല്പിച്ചു... അതെ... ചില സമയങ്ങളിൽ അതങ്ങനെയാണ്... ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ ശക്തമായ രീതിയിൽ പ്രത്യാക്രമണം നടത്തിത്തന്നെയാണ് കാലം അതിന്റെ കണക്കുകൾ തീർക്കുന്നത്... ഈ കഴിഞ്ഞ ഇത്രയും വർഷങ്ങൾക്കിടയിൽ അച്ഛൻ എന്റെ ഒരു കാര്യത്തിനും സ്‌കൂളിലേക്ക് പോലും വന്നതായി എൻ്റെ ഓർമ്മയിലില്ലായിരുന്നു... അപ്പോഴേയ്ക്കും അച്ഛനെ കണ്ടതിൻ്റെ ഞെട്ടലിനെക്കാളേറെ മനസ്സിൽ, ഭയം അതിൻ്റെ സ്ഥാനം കയ്യടക്കി കഴിഞ്ഞിരുന്നു... കണ്ണിൽ നിന്നും ഇരുട്ടകന്നു കാണില്ല... അകലെന്നെവിടെ നിന്നോ വരുന്ന ഒരശരീരി കണക്കെ ആരോ വന്നെന്നോടു എന്തോ പറഞ്ഞതു പോലെ തോന്നി... തോളിൽ കൈവച്ചപ്പോഴുണ്ടായ തിരിച്ചറിവിൽ പാതി അബോധാവസ്ഥയിൽ നിന്നുണർന്ന എൻ്റെ മുന്നിൽ ആ സമയം കോളേജിലെ പ്യൂൺ നിൽക്കുന്നതു കണ്ടു... "താനെന്താടോ, ഈ സമയത്തിരുന്ന് ഉറങ്ങാണോ...? തന്നോട് സ്റ്റാഫ്‌ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു..." അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേയ്ക്കിറങ്ങി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു... ഞാൻ എഴുന്നേറ്റപ്പോൾ മറ്റുള്ളവർ പോകുമ്പോഴുണ്ടായ അതേ ആവർത്തനമെന്നോണം എല്ലാവരും എന്നെ തുറിച്ചു നോക്കി... ഞാൻ പുറത്തേയ്ക്കിറങ്ങിയപ്പോൾ മുൻ ബഞ്ചിലിരിക്കുന്നവർ ഏന്തി വലിഞ്ഞ് കുറച്ചകലെ മാറിയുള്ള സ്റ്റാഫ് റൂമിലേയ്ക്ക് എൻ്റെ ആരാണ് വന്നതെന്നറിയാനുള്ള എന്തോ ആകാംക്ഷയോടെ എത്തി നോക്കുന്നുണ്ടായിരുന്നു... എത്ര നടന്നിട്ടും നടന്നിട്ടും സ്റ്റാഫ് റൂമിലേയ്ക്ക് എത്താനാകാത്ത ഒരു പ്രത്യേക തരം അവസ്ഥയിൽ മറ്റാരുടെയോ നിയന്ത്രണത്തിലാണ് ഞാനെന്ന മട്ടിൽ നടന്നു കൊണ്ടിരുന്നു... എങ്ങനെയാണ് ഞാൻ സ്റ്റാഫ്‌ റൂമിൽ എത്തിയതെന്ന് എനിക്കിപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല... ആരെങ്കിലും എടുത്തു കൊണ്ടു പോയെന്ന് പറഞ്ഞാൽ പോലും അതിലൊരു അവിശ്വസനീയതയും ഉണ്ടാകാൻ വഴിയില്ല... അന്നാദ്യമായി, പോകുന്ന വഴിയാകെ തണൽ പരത്തി നെഞ്ചു വിരിച്ചു നിന്നിരുന്ന ആ വയസ്സൻ മദിരാശി മരം ഞാനവിടെ കണ്ടില്ല... ഇതിനു മുൻപ് ആർക്കെങ്കിലും അത്തരത്തിലൊരവസ്ഥ ഉണ്ടായിക്കാണുമോ...? തീർച്ചായും ഉണ്ടായിരുന്നിരിയ്ക്കണം... ജയിക്കുന്നവൻ്റെ മുന്നിൽ തെളിയുന്നതും തോറ്റവൻ്റെ മുന്നിൽ തെളിയാത്തതുമായ ഒരേ മരം തന്നെയായിരുന്നു അത്...

ഞാൻ സ്റ്റാഫ് റൂമിലെത്തിയപ്പോൾ അവിടെ  അച്ഛൻ നിസ്സഹായതയോടെ ടീച്ചറിനു മുന്നിൽ ഇരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി കാര്യങ്ങൾ എല്ലാം ടീച്ചർ പറഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന്... പിന്നെയും എന്തൊക്കെയോ മോശമായിത്തന്നെ എന്നെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു ടീച്ചർ... അല്ലെങ്കിലും നല്ലതെന്തെങ്കിലും പറയിക്കാൻ മാത്രം ഞാനൊന്നും അവിടെ നിന്നു സമ്പാദിച്ചിരുന്നതായി എൻ്റെ ഓർമ്മയിലില്ലായിരുന്നല്ലോ... അച്ഛൻ അതെ ഭാവത്തിൽ തന്നെ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അതേ നിസ്സഹായതയോടെ ഇരിക്കുക തന്നെയാണ്... ഇന്നിനി മറ്റധികം രക്ഷിതാക്കൾ വരാനില്ല എന്ന കാരണത്താലാകണം കുറച്ചധിക നേരം ഇരുത്തി വളരെ വിശദമായി, വർണ്ണിച്ചിട്ടും വർണ്ണിച്ചിട്ടും മതിയാകാത്ത കവയത്രിയെപ്പോലെ എന്നെക്കുറിച്ച്  ടീച്ചർ വീണ്ടും വീണ്ടും വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു... സാമാന്യം നീണ്ട കുറ്റപ്പെടുത്തലുകൾക്കൊടുവിൽ പേപ്പേഴ്സിന് പുറമെ വാർഷിക പ്രോഗ്രസ്സ് റിപ്പോർട്ടിൽ അച്ഛനൊപ്പിടുമ്പോൾ അന്നാദ്യമായി അച്ഛൻ്റെ കൈകൾ വിറച്ചിരിയ്ക്കണം... "വലിയ കുട്ടികൾ ആയില്ലേ ടീച്ചറെ, ഇനി സ്വയം മനസ്സിലാക്കി വളരേണ്ട പ്രായമല്ലേ... പഴയ കാലത്തെ പോലെ നിയന്ത്രിച്ചു വളർത്താൻ പറ്റുന്ന പ്രായമല്ലല്ലോ..." എന്നും പറഞ്ഞ് ടീച്ചറിനോട് യാത്രയും പറഞ്ഞ് സ്റ്റാഫ് റൂമിൽ നിന്നും അച്ഛൻ ഇറങ്ങി നടന്നു... ടീച്ചറിൻ്റെ സമ്മതം വാങ്ങി പിന്നാലെ ഞാനും അച്ഛന്റെ കൂടെയിറങ്ങി... പുറത്തിറങ്ങി കുറച്ചു ദൂരം ഒരുമിച്ചു നടന്നപ്പോൾ എന്നോടൊന്നും ഒരക്ഷരം പോലും അച്ഛൻ മിണ്ടിയില്ല... മനസ്സിലാകെ എനിക്ക് താങ്ങാനാകുന്നതിലും കൂടുതൽ ഭാരം കയറ്റി വച്ച അവസ്ഥയിൽ ഞാൻ ഒന്നും മിണ്ടാതെ വീണ്ടും അച്ഛൻ്റെ കൂടെ നടന്നു... കുറച്ചു ദൂരം കൂടി നടന്നു കഴിഞ്ഞ് തിരിഞ്ഞു നിന്ന് അച്ഛനെന്നോട് ചോദിച്ചു, "എന്റെ മോന് ഇതെന്തു പറ്റിയെന്ന്..." മറുപടിയൊന്നും പറയാൻ കഴിയാതെ അച്ഛൻ്റെ കണ്ണുകളെ അഭിമുഖീകരിക്കാൻ കഴിയാതെ ഭയത്തോടെയും അതിലേറെ സങ്കടത്തോടെയുമുള്ള എൻ്റെ  നില്പു കണ്ടിട്ടാകണം, "സാരമില്ല... പോട്ടെ... ടീച്ചർ പറഞ്ഞതു കേട്ടില്ലേ...? ഇനി ശ്രദ്ധിക്കണംട്ടാ... ക്ലാസ്സിലേക്ക് പൊയ്ക്കോ..." എന്നും പറഞ്ഞ് അച്ഛൻ നടന്നു...

രണ്ടു വശങ്ങളിലും നിരന്നു നിൽക്കുന്ന നിറയെ പൂവിട്ട മാവുകൾക്കിടയിലൂടെ ചെരുപ്പിടാതെ തിരിഞ്ഞു നോക്കാതെ വെളുത്ത മുണ്ടും ഉടുത്തു തോറ്റവനെ പോലെ തലയും താഴ്ത്തി നടന്നു പോകുന്ന എന്റെ അച്ഛനെ കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ നോക്കി നിന്നു... അല്പ സമയത്തിനു ശേഷം ആ തോറ്റ രൂപം കോളേജിൻ്റെ പടിയും കടന്ന് വലതു ഭാഗത്തേയ്ക്കുള്ള റോഡിലേയ്ക്ക് അപ്രത്യക്ഷമായി... നിന്ന നില്പിൽ ഒരടി പോലും അനങ്ങുവാൻ കഴിയാതെ, നിയന്ത്രിക്കാനാവാതെ അന്നെന്റെ കണ്ണുകൾ കാലങ്ങൾക്കു ശേഷം നിറഞ്ഞൊഴുകി... തൻ്റേതല്ലാത്ത കാരണത്താൽ അന്നെൻ്റെ അച്ഛൻ തോറ്റു തുടങ്ങിയിടത്തു നിന്നും ഞാൻ ജയിച്ചു തുടങ്ങി... വർഷങ്ങളിത്ര കഴിഞ്ഞിട്ടും  ഇന്നും അച്ഛന്റെ ആ തോറ്റു പോയവന്റെ നടത്തം മനസ്സിലുണ്ട്... അതുകൊണ്ടു തന്നെ അന്നു മുതൽ ഇന്നോളം തോറ്റു കൊടുക്കാൻ മനസ്സ് വന്നിട്ടില്ല ഒന്നിലും... ഇപ്പോഴും അത്ഭുതത്തോടെ ഏറെ അതിശയത്തോടെ ഞാൻ ആലോചിക്കാറുണ്ട്, അന്നെന്റെ അച്ഛനു പകരം വന്നത് അമ്മയായിരുന്നുവെങ്കിലെന്ന്...

നേരത്തെ പറഞ്ഞതു പോലെ ചില നിമിഷങ്ങൾ അങ്ങനെയാണ് കാലം നമുക്ക് വേണ്ടി തീരുമാനിച്ചുറപ്പിച്ച് മാറ്റി വയ്ക്കുന്നത്... മറ്റൊരാളെ തോൽപ്പിച്ചിട്ടാണെങ്കിലും നമുക്ക് ജയിക്കാൻ വഴിയൊരുക്കുന്നതും...

------------------------------------------------------------------------
  • Shyam R Chandran (ചിത്രങ്ങൾ)


 
-----------------------------------------------------------------------

  1. ഉണ്ണികൃഷ്ണൻ പിള്ള




---------------------------------------------------------------
  •  #Change_Maker ദേവിക അശോക്



 




-----------------------------------------------------------------------
  • ദയ സുജിത്ത്

-----------------------------------------------------------------------
  • ജെൻസോ ജോബി
 

 

-----------------------------------------------------------------------
  • അദ്വൈത് ഷിബു

 

-----------------------------------------------------------------------
Sreehari. K.P
 Aromal
 Pratheesh

-----------------------------------------------------------------------
Jomon. K A
-----------------------------------------------------------------------
Agna Rose AJ


 -----------------------------------------------------------------------
Devadarsh E R



---------------------------------------------------------------

AN ANTHOLOGY BY APARNA
അപർണ്ണയുടെ കവിതകൾ.










 












Uploading...
And more to come here, Stay tuned