Monday, August 19, 2013

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം-2013



2013 ലെ സ്വാതന്ത്ര്യദിനാഘോഷം  അതി വിപുലമായ
രീതിയിൽ ആഘോഷിച്ചു.

രാവിലെ 9 മണിക്ക് വായനശാല പ്രസിഡണ്ട്‌ രാജേഷ്‌ കുമാർ
പതാക ഉയർത്തി.






അമർ ജവാൻ ശിൽപ്പത്തിൽ ഏവരും പുഷ്പ്പാർചന നടത്തി.




















2012 ലെ PN പണിക്കർ പുരസ്ക്കാര ജേതാവ് ശ്രീ KPN നമ്പീശനെ
ആദരിച്ചു. MLA പ്രൊഫ. രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു.
ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി ശ്രീ. K.N.ഹരി
ഉപഹാരം സമർപ്പിച്ചു.



ചടങ്ങിൽ ശ്രീ ചെറാട്ട് ബാലകൃഷ്ണൻ,
മുകുന്ദപുരം താലുക്ക് ലൈബ്രറി കൌണ്‍സിൽ പ്രസിഡന്റ്‌
ശ്രീ ബാലഗോപാലൻ മാസ്റ്റർ, തൃക്കൂർ പഞ്ചായത്ത്‌  മെമ്പർ
ശ്രീമതി ചന്ദ്രിക നന്ദകുമാർ എന്നിവർ ആശംസകൾ
അർപ്പിച്ചു.

SSLC, +2 തലത്തിൽ ഉയർന്ന മാർക്ക്‌ നേടിയ വിദ്യാർത്ഥികളെ
ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.




ഗ്രാമത്തിലെ കലാകാരന്മാരും കലാകാരികളും  ചേർന്ന്
"അമർ ജവാൻ " സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികൾ
ധീര ജവാന്മാരെ സ്നേഹാദരങ്ങളോടെ സ്മരിച്ചു.



സ്വാതന്ത്ര്യത്തിൻറെ മധുര വിതരണം നടത്തി ചടങ്ങ് അവസാനിച്ചു.

ശേഷം കുട്ടികൾക്കായി കായിക മത്സരങ്ങൾ ഉണ്ടായിരുന്നു.

വൈകീട്ട് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.




Monday, June 24, 2013

ഞാൻ വായിച്ച പുസ്തകം

ജൂണ്‍ 19 വായനദിനം  !
കേരളത്തിലെ ഗ്രന്ഥശാല പ്രവര്ത്തനത്തിന്റെ പിതാവായ
ശ്രീ P.N.പണിക്കരുടെ ചരമദിനമാണ്‌ മലയാളികൾ വായനദിനമായി ആചരിക്കുന്നത്.



ഞങ്ങളുടെ ഗ്രാമത്തിലെ നേതാജി വായനശാലയിൽ വായനാദിനം
ആചരിക്കാൻ തീരുമാനിച്ചു. പലയിടങ്ങളിലും ഫ്ലക്സ് വലിച്ചുകെട്ടി
വായന ദിനത്തിന്റെ പോസ്റ്റർ ഒട്ടിച്ചാൽ വായനദിനാചരണം പൂർത്തിയാവുന്നു.
പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ചിന്തയിൽ
നിന്നാണ് "ഞാൻ വായിച്ച പുസ്തകം" എന്ന ആശയം ഉണ്ടായത്.

 

വായനയെ വളർത്തുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു.
അത് എല്ലാ മാസവും വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുവാനും...
 


ഇതാണ് "ഞാൻ ഞാൻ വായിച്ച പുസ്തകം" പരിപാടി;
വായനക്കാരൻ അവർ വായിച്ച പുസ്തകം സുഹൃത്തുക്കൾക്കായി
പരിചയപ്പെടുത്തുന്നു. പുസ്തകത്തിലെ ആശയവും കഥാസന്ദര്ബവും 
നിരൂപണവും ഇതിൽ ഉൾക്കൊള്ളിക്കാം. വായനക്കാരന്റെ വായനാനുഭവം 
സഹൃദയ സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്നതോടൊപ്പം
എഴുത്തുകാരനെക്കുറിച്ചും വിവരിക്കണം. അദ്ധേഹത്തിന്റെ ഇതര കൃതികളെയും
പരിചയപ്പെടുത്താം. സദസ്യർക്ക് സംശയങ്ങൾ അവതാരകനോട്
ചോദിക്കാം. തികച്ചും സൌഹൃദപരമായൊരു സംവാദ സദസ്സ് !



വായനക്കാർക്ക് കൂടുതൽ ആഴത്തിലുള്ള വായനക്കും,
കേട്ടിരിക്കുന്നവർക്ക്  വായിച്ചിട്ടില്ലാത്ത പസ്തകങ്ങളെ പറ്റി ഒരു
ധാരണയും വായിക്കാനുള്ള ജിജ്ഞാസയും ഉണ്ടായേക്കും ഈ
അവതരണത്തിലൂടെ.



മേൽപ്പറഞ്ഞ ചിന്തകളുടെ ബലത്തിൽ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ ഒന്നാം ഭാഗം ഞങ്ങൾ വായനശായിൽ സംഘടിപ്പിച്ചു.
അവതരണത്തിനായി 5 പുസ്തകങ്ങൾ തിരഞ്ഞെടുത്തു.
ഗ്രാമത്തിലെ യുവ വായനക്കാരുടെ സാന്നിധ്യം പ്രതീക്ഷയുടെ
തിരിനാളം കൊളുത്തിയപ്പോൾ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ നാന്ദി കുറിച്ചു.




മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന
"ഖസാക്കിന്റെ  ഇതിഹാസം" ആയിരുന്നു ആദ്യം കഥ പറയാനെത്തിയത് .
O V വിജയന്റെ ഖസാക്ക് എന്ന പാലക്കാടൻ ഗ്രാമവും ഭാഷയും
ഏക അധ്യാപക വിദ്യാലയത്തിലേക്കുള്ള രവിയുടെ വരവും എല്ലാം
ഭംഗിയായി  അവതരിപ്പിക്കപ്പെട്ടു. ശേഷം നടന്ന സംവാദത്തിലും
സദസ്യർ നല്ലപോലെ പങ്കെടുത്തപ്പോൾ ചർച്ച സജീവമായി.




 
രണ്ടാമൂഴം MT യുടെ "രണ്ടാമൂഴം" ആയിരുന്നു. ഭാഷയുടെ ഒഴുക്കും
മഹാഭാരതത്തിന്റെ ഗാംബീര്യവും ചേർന്ന മികവാർന്ന നോവൽ.
പുരാണ കഥാ പാത്രങ്ങൾക്ക് MT നല്കി വന്ന പുതിയൊരു വീക്ഷണത്തെ
അനുകൂലിച്ചും പ്രതികൂലിച്ചും ചര്ച്ചകൽ  വന്നു. എന്തു തന്നെയായാലും
ജീവിതം മുഴുവൻ രണ്ടാമൂഴക്കാരനായി  നിലകൊണ്ട ഭീമസേനൻ വായനക്കാർക്ക്
പ്രിയപ്പെട്ടവൻ തന്നെ.





 
 
മൂന്നാമൂഴം ഒരു സഞ്ചാര സാഹിത്യം ആയിരുന്നു. ശ്രീ. MK രാമചന്ദ്രന്റെ 
"തപോഭൂമി ഉത്തരാഖണ്ട് ". ഈ മഴക്കാലത്ത് പ്രളയ വാർത്തകളിൽ
ഇടം നേടിയ ഉത്തരാഖണ്ടിന്റെ  വിശേഷങ്ങളും യാത്രാ വിവരണവും
കേൾക്കാൻ കേൾവിക്കാർക്ക് ആകാംക്ഷയുണ്ടായിരുന്നു.
അധികമാളുകൾ ഈ പുസ്തകം വായിച്ചിട്ടില്ലായിരുന്നു, അതിനാൽ
ഗംഗയുടെയും കാവേരിയുടെയും ഉത്ഭവ സ്ഥാനത്ത് അക്ഷരങ്ങളിലൂടെ 
ഒരു തീർത്ഥ  യാത്ര ചെയ്തു വന്ന പ്രതീതിയുണ്ടാക്കാൻ അവതാരകന്
സാധിച്ചു.




അടുത്ത പുസ്തകം പുതിയ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ
ശ്രീ ബന്ന്യാമിൻ രചിച്ച "ആടുജീവിതം" എന്ന നോവലായിരുന്നു.
പ്രവാസ ജീവിതത്തിന്റെ നരക യാതനകൾ സത്യസന്ധമായ 
വാക്കുകളിലൂടെ പച്ചയായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന
ഈ നോവലിന്റെ വായനാനുഭവം സദസ്യരിലും നൊമ്പരമുണർത്തി.



 


അഞ്ചാം പുസ്തകാവതരണത്തിനായി തിരഞ്ഞെടുത്തത് ഒരു
മറുഭാഷാ നോവലായിരുന്നു. International BestSeller ആയ
ബ്രസീലിയൻ എഴുത്തുകാരൻ ശ്രീ പൌലോ കൊയിലോയുടെ
THE ALCHEMIST. സ്വപ്നത്തിന്റെ പിറകെ പോകുന്ന
സാന്റിയാഗോ എന്ന  ഇടയ ബാലന്റെ കഥ പറയുന്ന ഈ നോവൽ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം.
ഒരാൾ തീക്ഷണമായി ഒരുകാര്യം ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ
അയാളുടെ സഹായത്തിനെത്തും എന്ന് പറയുന്ന ഈ നോവൽ
ഏവരും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് വിലയിരുത്തി.

 

ആദ്യമായി  പരീക്ഷിച്ച ഈ "ഞാൻ വായിച്ച പുസ്തകം" എന്ന പരിപാടി
അങ്ങനെ പൂർണ്ണമായി. പുസ്തകങ്ങൾ അവതരിപ്പിച്ചവര്ക്ക്
നന്ദി സൂചകമായി  പുസ്തകങ്ങൾ ഉപഹാരമായി നല്കി.
വലിയ ഒരു സദസ്സ് ഇല്ലായിരുന്നു എങ്കിലും പങ്കെടുത്തവരെല്ലാം 
സജീവമായി അഭിപ്രായങ്ങൾ പറഞ്ഞു.

മഞ്ഞ വെയിൽ മരണങ്ങൾ, ഒരു സങ്കീർത്തനം പോലെ , ഇനി ഞാൻ ഉറങ്ങട്ടെ,
ടോടോ ചാൻ തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചും  പ്രതിപാദിപ്പിക്കപ്പെട്ടു.
ഒരാൾക്കെങ്കിലും വായനയുടെ തിരിനാളം മനസ്സിൽ കൊളുത്താൻ
കഴിഞ്ഞെങ്കിൽ അതാണ്‌ ഈ  പരിപാടിയുടെ വിജയം.
ഒന്നുറപ്പാണ് പങ്കെടുത്തവരെല്ലാം ഇനിയും
ഇത്തരം  പരിപാടികളിൽ തൽപ്പരരാണ്. നിനച്ചിരിക്കാതെ ഒത്തിരി അകലെ
നിന്നും അതിഥികളായി വന്നെത്തിയ എന്റെ പ്രിയ സുഹൃത്തിനും അവളുടെ
അച്ഛനും പുതിയോരനുഭവം നല്കാനായത്തിൽ സന്തോഷമുണ്ട്.
വായനാനുഭവം പങ്കു വയ്ക്കുവാനും, കേൾക്കുവാനും നിങ്ങൾക്കും
എന്റെ ഗ്രാമത്തിലേക്ക് വരാം.

വരും നാളുകളിലെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഫോണിൽ ബന്ധപ്പെടുക (09847956600) 
"ഞാൻവായിച്ച പുസ്തകം" പരിപാടിയിലേക്ക് സുസ്വാഗതം...

അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ വഴിയിലൂടെ, 
മനസ്സിന്റെ സ്വപ്നങ്ങളിലേക്ക് 
നമുക്കൊന്നിച്ചൊരു യാത്ര പോകാം,
സാന്റിയാഗോയെ പോലെ;
പുസ്തകങ്ങൾ നമുക്കവിടെ വഴികാട്ടിയാകട്ടെ...

"വായിക്കുക ! വളരുക !"




Thursday, April 11, 2013

വാർഷികാഘോഷം

അറുപതാം വാർഷികാഘോഷം
(നോട്ടീസ് വായിക്കുവാൻ ചിത്രത്തിൽ ക്ലിക്കുക)



കോനിക്കരയുടെ അക്ഷരത്തറവാടിനു 60 വയസ്സ് ...
2013 ഏപ്രിൽ 27,28 തിയ്യതികളിൽആണ് വാർഷികാഘോഷ പരിപാടികൾ.

ഏവർക്കും സ്വാഗതം !!!

ലോഗോ


വായനശാലയ്ക്ക് വേണ്ടി ലോഗോ ഉണ്ടാക്കുവാനായി ഒരു ലോഗോ മത്സരം
സംഘടിപ്പിച്ചു. നാട്ടിലെ ചിത്രകാരന്മാർ അയച്ചു തന്നതിൽ നിന്നും
മികച്ച ലോഗോ തിരഞ്ഞെടുത്തു.



ശ്രീ. പ്രദീപ്‌.P .N ആണ് ഈ ലോഗോ
ഡിസൈൻ ചെയ്തത്. 

മാതൃഭുമി പത്ര വാർത്ത

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന നേതാജി വായനശാലയെക്കുറിച്ചുള്ള
പത്രവാർത്ത. 2013 മാർച് 6 ന് മാതൃഭുമി തൃശ്ശൂർ എഡിഷനിലാണ് ഈ
വാർത്ത വന്നത്...
(വാർത്ത വായിക്കുവാൻ ചിത്രത്തിൽ ക്ലിക്കുക)

വായനശാല കലോത്സവം

2012-2013 വർഷത്തെ വായനശാല കലോത്സവം നേതാജി വായനശാലയിൽ
സംഘടിപ്പിച്ചു. കലാ സാഹിത്യ മത്സരങ്ങളിൽ ഗ്രാമത്തിലെ മുപ്പതോളം കുട്ടികൾ
പങ്കെടുത്തു.


താഴെ പറയുന്ന മത്സരങ്ങൾ ആണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയത്.
1. കഥാ രചന
2. കവിതാ രചന
3. ഉപന്യാസം
4. ചിത്രരചന
5. നാടാൻ പാട്ട്
6. ക്വിസ്
7. ലളിതഗാനം 
8. കവിതാ പാരായണം


മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ  താലുക്ക് തലത്തിലും ജില്ലാ തലത്തിലും
നടത്തിയ കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു.

 

Sunday, January 6, 2013

ഊര്‍ജ്ജ സംരക്ഷണം : ചര്‍ച്ച ക്ലാസ്

ഊര്‍ജ്ജ സംരക്ഷണം : ചര്‍ച്ച ക്ലാസ്



നേതാജി വായനശാലയില്‍ ഒരു ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു;
വിഷയം: ഊര്‍ജ്ജ സംരക്ഷണം
നാല്പതോളം യുവാക്കള്‍ ഈ ചര്‍ച്ചാ ക്ലാസ്സില്‍ പങ്കെടുത്തു. വായനശാല സെക്രട്ടറി
മോടറെറ്റര്‍ ആയി നിന്ന ചര്‍ച്ചയില്‍ യുവാക്കള്‍ 5 ടീമുകള്‍ ആയിട്ടാണ്
അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അവതരിപ്പിച്ചത്.
ഊര്‍ജ്ജ സംരക്ഷണ മേഘലയിലെ ആശങ്കകളും പുതിയ പ്രതീക്ഷകളും
ചര്‍ച്ചയില്‍ സജീവമായി. ഫ്യുവല്‍ സെല്‍ , കാര്‍ബണ്‍ നാനോ ടെക്നോളജി
മുതലായ വിഷയങ്ങളെ ചര്‍ച്ചയില്‍ കൊണ്ടുവന്നു. ഊര്‍ജം ഇതെല്ലാം രീതിയില്‍
ഫല പ്രദമായി ഉപയോഗിക്കാമെന്നും ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

ചര്‍ച്ചയില്‍ മികവു കാണിച്ച ടീമുകള്‍ക്കും, മികവാര്‍ന്ന പ്രകടനം
കാഴ്ചവച്ച അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷം




നേതാജി വായനശാലയില്‍ ക്രിസ്മസ് വിപുലമായ രീതിയില്‍ ആഘോഷിച്ചു.
14 അടിയിലേറെ വലുപ്പമുള്ള ക്രിസ്മസ് കൂടാണ് വായനശാല ഒരുക്കിയത്.
കരോള്‍ ഗാനങ്ങളും , നാട് നീളെ സന്താക്ലോസിനെ അണിനിരത്തി കരോളും
അവതരിപ്പിച്ചു. പരിപാടികള്‍ വായനശാല പ്രസിഡന്റ്‌ രാജേഷ്‌ കുമാര്‍ ഉദ്ഘാടനം
ചെയ്തു. സെക്രട്ടറി ഏവര്‍ക്കും ക്രിസ്മസ് സന്ദേശം നല്‍കി.
ക്രിസ്മസ് കേക്കുകള്‍ മുറിച്ച് നാട്ടുകാര്‍കെല്ലാം വിതരണം ചെയ്തു.
സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം നല്‍കുന്ന ക്രിസ്മസ് കാലം
നല്‍കാന്‍ നേതാജി വായശാലക്ക് കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

അക്ഷരദീപം

അക്ഷരദീപം : 2012 സപ്തംബര്‍ 14



2012 ലെ ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി "അക്ഷരദീപം"
പരിപാടി നേതാജി വായനശാല ഹാളില്‍ സംഘടിപ്പിച്ചു.
ഗ്രന്ഥശാലകള്‍ സ്ഥാപിതമായത്തിന്റെ ഓര്‍മ്മ പുതുക്കുന്ന വാരാചരണത്തിന്റെ
ഭാഗമായി വായനശാല അങ്കണത്തില്‍ പതാക ഉയര്‍ത്തുകയും സമ്മേളനം
കൂടുകയും ചെയ്തു. തൃക്കൂര്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ചന്ദ്രിക നന്ദകുമാര്‍
അക്ഷരദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു.
സമാഹരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. നമ്മുടെ നാട്ടിലെ സ്കൂള്‍
വിദ്യാര്‍ത്ഥിനി പാര്‍വ്വതി എഴുതി പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരം
വായനശാല പ്രസിഡന്റ്‌ ശ്രീ രാജേഷ്‌ കുമാര്‍ പ്രകാശനം ചെയ്തു.
അതിലെ കവിതകള്‍ നേതാജി ക്ലബ് പ്രസിഡന്റ്‌ ശ്രീ അരുണ്‍
ആലാപനം ചെയ്തു.



ഗ്രന്ഥശാല പ്രസ്ഥാനത്തെ പറ്റിയും ശ്രീ.P N പണിക്കരെ പറ്റിയും,
വായനശാല സെക്രട്ടറി ശ്രീ സുജിത്ത് പ്രഭാഷണം നടത്തി. പഴയ കാലത്ത്
നിലനിന്നിരുന്ന മലയാളം അക്കങ്ങള്‍ എഴുതുന്ന സമ്പ്രദായവും
കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

 
അക്ഷര ദീപത്തില്‍ നിന്നും ചിരാതുകള്‍ കത്തിച്ച് കുട്ടികള്‍ വായനശാല
അങ്കണം പ്രഭാപൂരിതമാക്കി.
അതെ, അക്ഷരങ്ങളുടെ ഒരിക്കലും അണയാത്ത വെളിച്ചം
നേതാജി വായനശാലയില്‍ എന്നും നിലനില്‍ക്കും എന്ന്
ഓരോ ചിരാതിലെ തിരിനാളങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

വായനമത്സരം

UP വായനമത്സരം

വര്‍ഷം തോറും നടത്തി വരാറുള്ള, ലൈബ്രറി തല UP വായനമത്സരം
നേതാജി വായനശാലയില്‍ 2012 സപ്തംബര്‍ 30 ന് വിപുലമായ രീതിയില്‍
സംഘടിപ്പിച്ചു. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു.

മത്സര ഫലം :-
ഒന്നാം സ്ഥാനം : അഞ്ജലി C ബാലകൃഷ്ണന്‍
രണ്ടാം സ്ഥാനം : സഞ്ചിത S നായര്‍
മൂന്നാം സ്ഥാനം : നന്ദഗോപാല്‍



വിജയികളായ കുട്ടികളെ, മുകുന്ദപുരം താലുക്ക് അടിസ്ഥാനത്തില്‍ നടത്തിയ
വായനമാത്സരത്തില്‍ പങ്കെടുപ്പിച്ചു.

Thursday, November 8, 2012

കംപ്യുട്ടര്‍ & IT ക്ലബ്‌ ഉദ്ഘാടനം

കംപ്യുട്ടര്‍ & IT ക്ലബ്‌ ഉദ്ഘാടനം : 2012 നവംബര്‍ 18 : രാവിലെ 10 മണിക്ക്.
ഉദ്ഘാടനം : ബഹു. MLA ശ്രീ. C രവീന്ദ്രനാഥ് (പുതുകാട് നിയോജക മണ്ഡലം )



റിപ്പോര്‍ട്ട്‌ :



Thursday, October 11, 2012

ക്വിസ് മത്സരം: പത്രവാര്‍ത്തകളിലൂടെ

ക്വിസ് മത്സരം: പത്രവാര്‍ത്തകളിലൂടെ



കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തില്‍, നമ്മുടെ നാട്ടിലെ കുട്ടികളില്‍ പത്രപാരായണവും വായനയും വളര്‍ത്തുന്ന തരത്തില്‍  "പത്രവാര്‍ത്തകളിലൂടെ" എന്നൊരു ചോദ്യോത്തര പരിപാടി മാസം തോറും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. അതാതു മാസത്തെ ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. LP, UP, HS എന്നിങ്ങനെ പ്രത്യേകം വിഭാഗത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ ലൈബ്രേറിയനെ ഏല്‍പ്പിക്കേണ്ടതാണ്.
ഈ പരിപാടിയുടെ ഉത്ഘാടനവും ആദ്യ മത്സരവും 2012 ആഗസ്റ്റ്‌ 19 ന് നടത്തുന്നതാണ്. ആഗസ്റ്റ്‌ 1 മുതലുള്ള പത്രവാര്‍ത്തകളാണ് ചോദ്യമായി തരുന്നത്.
--------------------------------------------------------------------
തിയ്യതി : 2012 ആഗസ്റ്റ്‌ 19
സമയം : ഉച്ചക്ക് 2 മണിക്ക്
വേദി : വായനശാല ഹാള്‍
--------------------------------------------------------------------
എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
മത്സരത്തില്‍ പങ്കെടുക്കൂ, അറിവും സമ്മാനവും നേടൂ...
വായിക്കുക, വളരുക !


- സെക്രട്ടറി
നേതാജി വായനശാല, കോനിക്കര.



കൂടുതല്‍ വിവരങ്ങള്‍:



റിപ്പോര്‍ട്ട്‌:

സെമിനാര്‍ : സ്ത്രീകളും സമൂഹവും

സെമിനാര്‍ : സ്ത്രീകളും സമൂഹവും
2012 ഓഗസ്റ്റ്‌ 15, 2PM 


കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തില്‍ 2012 ആഗസ്റ്റ്‌  15  ന്
വനിതകള്‍ക്ക് വേണ്ടി ഒരു സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകളും സമൂഹവും
എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുവാന്‍ നമ്മുടെ അതിഥിയായി വന്നെത്തുന്നത്
ശ്രീമതി ഡോ. E . സന്ധ്യയാണ്.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കഴിഞ്ഞ വര്‍ഷത്തെ
ഏറ്റവും നല്ല അധ്യാപികക്കുള്ള അവാര്‍ഡ് നേടിയ ഇവര്‍ നല്ലൊരു കഥാകാരിയും നര്‍ത്തകിയുമാണ് .പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ സ്ടാറ്റിസ്ടിക്സ് വിഭാഗം സീനിയര്‍ പ്രഫസറാണ്‌ ഡോ. E. സന്ധ്യ
ഈ പരിപാടിയിലേക്ക് എല്ലാ വീട്ടമ്മമാരെയും വനിതകളെയും ഞങ്ങള്‍ സ്നേഹാദരങ്ങളോടെ
ക്ഷണിച്ചു കൊള്ളുന്നു.

തിയ്യതി : 2015  ആഗസ്റ്റ്‌ 15
സമയം : ഉച്ചക്ക് 2 മണിക്ക്
വേദി : വായനശാല ഹാള്‍

ഏവര്‍ക്കും സ്വാഗതം!

-
സെക്രട്ടറി
നേതാജി വായനശാല, കോനിക്കര.

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ - 2012 ഓഗസ്റ്റ്‌ 15



കൂടുതല്‍ വിവരങ്ങള്‍ :







വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം - 2012 ജൂണ്‍ 9,10





കൂടുതല്‍ വിവരങ്ങള്‍ :

നാടകക്കളരി



"നേതാജിയില്‍ നാടകക്കളരിയുടെ മാമ്പഴക്കാലം."
2012 മെയ്‌ 9 ,10 ,11
-----------------------------------------------------------
അവധിക്കാലം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ കൊച്ചു 
കൂട്ടുകാര്‍ക്ക് പല വിശേഷങ്ങളും പറയാനുണ്ടാകും.
എന്നാല്‍ കൊനിക്കരയിലെ കുട്ടികള്‍ ഈ അവധിക്കാലം 
ഓര്‍ക്കുന്നത് അവര്‍ ആര്‍ത്തുല്ലസിച്ചു പങ്കെടുത്ത
ഒരു നാടകക്കാലരിയുടെ മാധുര്യത്തിലാവും. 



തൃശ്ശൂരിലെ ഗ്രേഡ് A  പദവിയുള്ള, കൊനിക്കരയിലെ 
നേതാജി വായനശാലയിലാണ് കുട്ടികള്‍ക്കായി
മൂന്നു ദിവസം നീണ്ടു നിന്ന നാടകക്കളരി സംഘടിപ്പിച്ചത്. 
തൃശൂരിലെ പ്രശസ്ത കലാകാരനായ
ശ്രീ സുരേന്ദ്രന്‍ ചെമ്പൂക്കാവാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്. 
മെയ്‌ 9 ,10 ,11  എന്നീ ദിവസങ്ങളില്‍ നടത്തിയ
ക്യാമ്പിലേക്ക് നാല്‍പ്പതോളം കുട്ടികള്‍ നാടക കലയുടെ 
ബാലപാഠങ്ങള്‍ ഗുരു മുഖത്ത് നിന്നും  പഠിക്കാന്‍ എത്തി.
കൊനിക്കരയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് പോലും 
കുട്ടികള്‍ ഉത്സാഹപൂര്‍വ്വം കേട്ടറിഞ്ഞെത്തി.


വേനലവധിയില്‍, പൊള്ളുന്ന ചൂടുള്ള പകലില്‍, വലിയൊരു 
മാവിന്റെ തണലില്‍ ഒത്തുകൂടിയ പ്രതീതിയായിരുന്നു
കുട്ടികള്‍ക്കൊക്കെ. കളരിയില്‍, മാസ്റ്റര്‍ ക്യാമ്പ്‌ 
അംഗങ്ങളെക്കൊണ്ട് തന്നെ സ്ക്രിപ്റ്റും ഡയലോഗും എഴുതിച്ചു;
മറ്റു ചിലര്‍ അത് അഭിനയിച്ചു ഫലിപ്പിച്ചു. 
ചേട്ടന്മാരും ചേച്ചിമാരും നാടകക്കളരിയുടെ പണിപ്പുരയില്‍
തിരക്കിട്ട് നടന്നപ്പോള്‍ ഒന്നുമറിയാത്ത കൌതുകത്തോടെ 
നോക്കി നിന്ന കുരുന്നുകളും ക്യാമ്പിന്റെ
ഹരമായി. അഞ്ചു വയസ്സുള്ള കുരുന്നുകള്‍ മുതല്‍ പ്ലസ്‌ ടു 
വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ ഒത്തുകൂടിയപ്പോള്‍
കളരിക്ക് നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ മാഷിന് കഥാപാത്ര 
വൈവിധ്യങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍ ഏറെ
പ്രയാസപ്പെടെണ്ടി വന്നില്ല.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ "മാമ്പഴം" എന്ന 
കവിതയുടെ ദ്രിശ്യാവിഷ്ക്കാരം ഒരുക്കിയത്
ക്യാമ്പ്‌ കാനാനെത്തിയവരെയും അഭിനയ മുഹൂര്‍ത്തങ്ങളുടെ 
വിരുന്നൂട്ടി. മാമ്പഴത്തിലെ ഉണ്ണിയും അമ്മയും
മികച്ച കഥാപാത്രങ്ങളുടെ വരവറിയിച്ചു എന്നാണ് കാണികളുടെ 
സാക്ഷ്യം.
കൊനിക്കരയുടെ പ്രധാന ബസ്‌ സ്റ്റോപ്പ്‌ ആയ "നെല്ലിചോട്" 
ബസ്‌ സ്റ്റോപ്പ്‌ നെയും ഉള്‍ക്കൊള്ളിച്ച് കഥാഖ്യാനം
നടത്തിയപ്പോള്‍ അത് നാട്ടുകാര്‍ക്കെല്ലാം നവ്യാനുഭവമായി. 
അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും
നാട്ടുകാര്‍ക്കും എന്നെനും ഓര്‍ത്തുവയ്ക്കാവുന്ന ദിനങ്ങള്‍ 
സമ്മാനിക്കാനായത്തിന്റെ ചാരിഥാര്‍ത്ത്യത്തിലാണ്
നേതാജി വായനശാല ഭാരവാഹികള്‍.

59  വര്‍ഷങ്ങളായി കൊനിക്കരയുടെ 
കലാ-സാഹിത്യ-സാംസ്കാരിക മേഘലയില്‍ നാടിന്റെ
ഹൃദയ ത്തുടിപ്പായി നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിന് 
ഇന്നും യവ്വനമാണ് . കരുത്തുറ്റ കര്‍മ്മ ശേഷിയുള്ള
ഒരു പുത്തന്‍ യുവതയാണ് ഇന്ന് വായനശാലയെ 
മുന്നോട്ടു നയിക്കുന്നത്.
കലയെയും സാഹിത്യത്തെയും സംരക്ഷിക്കാന്‍ 
ശ്രമിക്കുന്നതോടൊപ്പം തന്നെ പുതുയുഗത്തിന്റെ മാറ്റങ്ങളെയും
ടെക്നോളജിയെയും നാടിന് പരിചയപ്പെടുത്തുന്നതിനായി 
ഇടയ്ക്കിടെ ഇവിടെ ചര്‍ച്ചാ ക്ലാസ്സുകളും പഠന ശിബിരങ്ങളും
സംഘടിപ്പിക്കാറുണ്ട്. ഒപ്പംകര്‍മ നിരതരായി ഒരുകൂട്ടം 
യുവാക്കളും ചേട്ടന്മാരും പിന്നെ വായനശാലയുടെ 
പഴയ പ്രവര്‍ത്തകരും കൂടെ തന്നെയുണ്ട്‌.
വായനശാലയും യുവാക്കളും ഉണരുമ്പോള്‍ നാടും ഉണരും 
എന്ന പ്രതീക്ഷയിലാണ് കൊനിക്കരക്കാര്‍.